കാർഷികമായ വളർച്ച ഏതൊരു സമൂഹത്തിന്റെയും നിലനില്പിന് അത്യന്താപേക്ഷിതമാണ്. പഴയ കാലത്ത് നെൽക്കൃഷി നടക്കാത്ത ഒരു ഗ്രാമം പോലും കേരളത്തിൽ ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ പാലക്കാട് പോലുള്ള ചുരുക്കം ചില ജില്ലകളിലായി അത് ഒതുങ്ങിപ്പോയിരിക്കുന്നു. അതിന് ആരെയും കുറ്റം പറയാനാകില്ല. ഇപ്പോഴത്തെ കൂലി നൽകി ചെറിയ പാടങ്ങളിൽ കൃഷി ചെയ്‌താൽ കൃഷിക്കാരന് നഷ്ടമല്ലാതെ മറ്റൊന്നും ഉണ്ടാകില്ല. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് കൃഷിയിൽ മാറ്റം വരുത്താൻ വേണ്ട സമയത്ത് കേരളത്തിന് കഴിഞ്ഞതുമില്ല. കൂടുതൽ എളുപ്പവും ലാഭവും അന്യസംസ്ഥാനങ്ങളിൽ നിന്ന് ള്ള അരി വിലകൊടുത്ത് വാങ്ങുന്നതാണ് എന്ന സാഹചര്യമാണ് ഇപ്പോൾ. അരി മാത്രമല്ല ഉപഭോഗത്തിന്റെ വലിയൊരളവ് പച്ചക്കറിയും നമ്മൾ പുറത്തു നിന്നാണ് വാങ്ങുന്നത്.
ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചില്ലറയല്ല. എന്നിരുന്നാലും താത്‌പര്യം കൊണ്ട് പച്ചക്കറി കൃഷി നടത്താൻ പുതിയ തലമുറയിലുള്ളവരും ശ്രമിക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്. കാർഷിക മേഖലയിൽ പരമ്പരാഗത രീതിയിൽ നിന്ന് സമൂലമായ ഒരു മാറ്റം വന്നാലേ കേരളത്തിൽ കൃഷി മെച്ചപ്പെടൂ. അതിനു വേണ്ടത് സ്‌മാർട്ട് കൃഷിരീതികളാണ്. ആ രീതിയിലേക്ക് ഒരു കുതിപ്പ് നടത്താൻ സഹായിക്കുന്നതാണ് കാർഷിക നവീകരണത്തിനുള്ള 2390.86 കോടിയുടെ 'കേര" പദ്ധതിക്ക് ലോക ബാങ്കിന്റെ അംഗീകാരം ലഭിച്ച നടപടി. 1677.85 കോടി ഈ പദ്ധതിക്ക് വായ്‌പയായി ലോക ബാങ്ക് നൽകും; 713.06 കോടി സംസ്ഥാന വിഹിതവും. കേരളത്തിലെ അഞ്ചു ലക്ഷം കർഷകർക്ക് ഗുണകരമാവുന്നതാണ് പദ്ധതി. അഞ്ചു വർഷമാണ് പ്രോജക്ടിന്റെ കാലാവധി. ഒരു മാസത്തിനകം കരാർ ഒപ്പിടുന്നതോടെ ലോക ബാങ്ക് പണം അനുവദിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ ഇന്നലെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച പ്രത്യേക ലേഖകൻ എം.എച്ച്. വിഷ്ണുവിന്റെ റിപ്പോർട്ടിൽ പറയുന്നത്.
ഈ പദ്ധതി പ്രകാരം കാലാവസ്ഥാ മാറ്റം പ്രതിരോധിക്കുന്ന കൃഷിരീതികൾ പ്രചരിപ്പിക്കാനാവും. അതുപോലെ തന്നെ സാങ്കേതിക വിദ്യകളുടെ പ്രയോജനവും കർഷകർക്കു ലഭിക്കും. ഈ സഹായം നേടിയെടുക്കുന്നതിനുള്ള പുതുക്കിയ പദ്ധതി സമർപ്പിച്ചതിന് നേതൃത്വം നൽകിയ കൃഷിമന്ത്രി പി. പ്രസാദും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകും ടീമിലെ മറ്റംഗങ്ങളും അഭിനന്ദനം അർഹിക്കുന്നു. കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ ക്രിയാത്മകമായ ഒരു വഴിത്തിരിവ് സൃഷ്ടിക്കാൻ ഈ പദ്ധതി സഹായകരമായി മാറുമെന്ന് പ്രതീക്ഷിക്കാം. പദ്ധതി തുടങ്ങാൻ എളുപ്പമാണെങ്കിലും അത് വിജയകരമായി നടത്തിക്കൊണ്ടു പോകുന്നതിൽ മുൻകാലങ്ങളിൽ സംഭവിച്ച വീഴ്ചകൾ ഒഴിവാക്കാൻ കൃഷിവകുപ്പും ഉദ്യോഗസ്ഥരും കർഷകരും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
കാർഷിക മേഖലയിലെ നിക്ഷേപം കൂട്ടാനും സപ്ളൈ ചെയിനുകൾ കാര്യക്ഷമമാക്കാനും പദ്ധതി ഉപകരിക്കും. മൂല്യവർദ്ധിത ഉത്‌പന്നങ്ങൾ ഉണ്ടാക്കിയും അവയ്ക്ക് കൂടുതൽ വിപണി കണ്ടെത്തുകയും ചെയ്താലേ പദ്ധതി ലാഭകരമായി മാറൂ. ഈ വിപണികളുമായി കർഷകരെ ബന്ധിപ്പിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സൗകര്യങ്ങളും പ്രയോജനപ്പെടുത്തണം. ജലസേചനവും വളപ്രയോഗവും നവീകരിക്കുന്നത് ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്. 150 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനുകളിലൂടെ വിപണി ഇടപെടലുകൾ ശക്തിപ്പെടുത്താനാകും. കൂടാതെ 250 ചെറുകിട, ഇടത്തരം അഗ്രി വ്യവസായങ്ങൾക്ക് സാമ്പത്തിക സാങ്കേതിക സഹായവും പദ്ധതിയുടെ ഭാഗമായി ലഭിക്കും. മികച്ച കയറ്റുമതി വിപണികൾ കൂടി കണ്ടെത്താനായാൽ പുതിയ സംരംഭകരെയും കാർഷിക മേഖലയിലേക്ക് ആകർഷിക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |