കൊച്ചി: ഒളിമ്പിക്‌സ് മെഡൽ ജേതാവായ ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷിന് കൊച്ചിയുടെ ആദരം. കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ മന്ത്രി പി. രാജീവ് ശ്രീജേഷിനെ ആദരിച്ചു. കൊച്ചി റീജിയണൽ സ്‌പോർട്‌സ് സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
രണ്ട് ഒളിമ്പിക്‌സ് മെഡൽ നേടുന്ന ഏക മലയാളിയാണ് ശ്രീജേഷെന്ന് മന്ത്രി പറഞ്ഞു. ഒളിമ്പിക്‌സിൽ പങ്കെടുക്കുകയെന്നത് മാത്രമല്ല രണ്ട് തവണ മെഡൽ നേടുകയെന്നതും ഏറെ പ്രയാസമേറിയ കടമ്പയാണ്. ശ്രീജേഷിന്റെ സമർപ്പണവും നിശ്ചയദാർഢ്യവുമാണ് മലയാളിക്ക് അഭിമാനകരമായ നേട്ടത്തിൽ എത്തിച്ചത്. പുതുതലമുറക്കാർക്കും ശ്രീജേഷ് പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.
കായിക താരങ്ങളുടെ ജീവിത ഈയാംപാറ്റ പോലെയാണെന്നും നേട്ടങ്ങൾ ഉണ്ടാകുമ്പോൾ ആദരിക്കപ്പെടുന്ന തങ്ങളെ പിന്നീട് മറക്കുകയാണ് രീതിയെന്നും പി.ആർ. രാജേഷ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഒരു ലക്ഷ്യത്തിനായി പരമാവധി അത്മാർത്ഥയോടെ പ്രവർത്തിച്ചാൽ വിജയം നേടാനാകുമെന്നും ശ്രീജേഷ് പറഞ്ഞു.
ആർ.എസ്.സിയിൽ നിർമ്മാണം പൂർത്തീകരിച്ച മേജർ ധ്യാൻചന്ദ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെയും ജിമ്മി ജോർജ് ഓപ്പൺ ജിമ്മിന്റെയും ഉദ്ഘാടനം ശ്രീജേഷ് നിർവഹിച്ചു. ആർ.എസ്.സിയുടെ പാരിതോഷികമായ അഞ്ചുലക്ഷം രൂപയുടെ ചെക്ക് മന്ത്രി കൈമാറി. കേരളത്തിലെ ആദ്യ സിന്തറ്റിക്ക് ടർഫായ മഹാരാജാസ് കോളേജ് സിന്തറ്റിക് ടർഫിന് ശ്രീജേഷിന്റെ പേര് നൽകണമെന്ന് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.
ആർ.എസ്.സി ചെയർമാൻകൂടിയായ കളക്ടർ എൻ.എസ്.കെ. ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎൽഎ, ആർ.എസ്.സി സെക്രട്ടറി എസ്.എ.എസ്. നവാസ്, വൈസ് പ്രസിഡന്റ് ഡോ.അനിൽ ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |