ഒരാഴ്ചത്തെ കൗൺസലിംഗിന് ശേഷവും നിലപാടിലുറച്ച് പെൺകുട്ടി
കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി
തിരുവനന്തപുരം: എന്നെ ഇവർക്കൊപ്പം വിടല്ലേ..... ഞാനിവിടെ നിന്ന് സ്കൂളിൽ പൊയ്ക്കോളാം....മലയാളവും പഠിച്ചോളാം... ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളുടെ ഉള്ളുലച്ച് അവളുടെ കരച്ചിൽ ! കഴക്കൂട്ടത്തു നിന്ന് കാണാതായി വിശാഖപട്ടണത്തു നിന്ന് കണ്ടെത്തിയ അസാം ബാലിക ഇന്നലെ മാതാപിതാക്കളെ കണ്ട രംഗങ്ങൾ സമ്മർദ്ദം നിറഞ്ഞതായിരുന്നെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിബ ബീഗം പറഞ്ഞു.
ഒരാഴ്ച നീണ്ട കൗൺസലിംഗ് ഇന്നലെയാണ് അവസാനിച്ചത്.തുടർന്ന് ഉച്ചയ്ക്ക് 12ഓടെ കുട്ടിയെ സി.ഡബ്യു.സിയിൽ ഹാജരാക്കി. കുട്ടിയെ കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെ ഇളയ കുട്ടികളുമായി മാതാപിതാക്കളും അവിടെയെത്തിയിരുന്നു. മാതാപിതാക്കളുമായി സംസാരിക്കാൻ കമ്മിറ്റി അവസരം നൽകിയെങ്കിലും അസാമിലേക്ക് പോകാൻ മാതാപിതാക്കൾ നിർബന്ധം പിടിച്ചതോടെ കുട്ടി കരയാൻ തുടങ്ങി.
കുട്ടി മടങ്ങിപ്പോകില്ലെന്ന ഉറച്ച നിലപാടെടുത്തതോടെ പിതാവിന്റെ ഭാവം മാറി.കൊണ്ടുപോയേ തീരൂ എന്ന വാശിയോടെ അയാൾ ബലം പ്രയോഗിച്ചു. ചെയർപേഴ്സൺ ഷാനിബ ബീഗത്തിന്റെ കൈയിൽ മുറുകെപ്പിടിച്ച് നിന്ന കുട്ടി തന്നെ വിടരുതെന്ന് കരഞ്ഞപേക്ഷിച്ചു. ഇതോടെയാണ് കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് അയയ്ക്കാമെന്ന് കമ്മിറ്റി തീരുമാനിച്ചത്.
കുട്ടിയെ ഹാളിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ പിതാവ് തടസം നിന്നതോടെ കമ്മിറ്റി പൊലീസിനെ വിളിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ പൊലീസ് സംരക്ഷണയിലാണ് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. മൂന്ന് ദിവസത്തിനു ശേഷം മാതാപിതാക്കളെ കാണുമെന്നും ഇളയ രണ്ട് കുട്ടികളെ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുമെന്നും ചെയർപേഴ്സൺ ഷാനിബ ബീഗം വ്യക്തമാക്കി.
കുട്ടിയെ
ഏഴാംക്ളാസിൽ
ചേർക്കും
കുട്ടിക്ക് ഏഴാംക്ലാസിൽ പഠനം തുടരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഉടൻതന്നെ സ്‌കൂളിൽ പോയി തുടങ്ങാനാകുമെന്നും ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺഗോപി അറിയിച്ചു.ഇക്കഴിഞ്ഞ ആഗസ്റ്റ് 20 നാണ് മാതാപിതാക്കളുമായി പിണങ്ങി പെൺകുട്ടി വീടുവിട്ടിറങ്ങിയത്.വിപുലമായ തിരച്ചിലിനൊടുവിൽ ഒന്നരദിവസത്തിനു ശേഷമാണ് കുട്ടിയെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |