കോട്ടയം : കുടുംബാംഗങ്ങളോട് ഒപ്പം ഓണം ആഘോഷിക്കണമെങ്കിൽ മറുനാടൻ മലയാളികളുടെ കീശ കീറും. പിഴിയാൻ സ്വകാര്യ ബസ് ലോബി കാത്തിരിക്കുകയാണ്. ചുരുക്കത്തിൽ ഓണാഘോഷച്ചെലവിന് പിന്നാലെ നല്ലൊരു പൈസ കൂടി കൈയിൽ കരുതിയാൽ നാട്ടിലെത്താം. ഇന്നും നാളെയുമായി ബംഗളൂരുവിൽ നിന്ന് കോട്ടയത്തേയ്ക്ക് വരാൻ സ്വകാര്യ ബസുകൾക്ക് 799 - 1899 രൂപ വരെയാണ് നിരക്ക്. കെ.എസ്.ആർ.ടിയിൽ 906-1212 രൂപ വരെയും. ഓണം അടുക്കുമ്പോഴേക്കും നിരക്ക് ഇനിയും കൂടുമെന്നാണ് സൂചന. 13 ന് ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് അഞ്ചിലേറെ കെ.എസ്.ആർ.ടി.സി ബസുകൾ ഉണ്ടെങ്കിലും ഒന്നിൽ പോലും സീറ്റ് അവശേഷിക്കുന്നില്ല. അന്ന് 27 സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ചുരുക്കം സീറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ, ടിക്കറ്റ് നിരക്ക് 2500 - 4200 രൂപ വരെയാണ്. സാധാരണ ഓണ പുലർച്ചെ എത്തുന്ന ബസുകളിലാണ് നിരക്ക് കൂടുതലെങ്കിൽ ഇത്തവണ ഓണം ഞായറാഴ്ചയായതിനാലാണ് 13 ന് നിരക്ക് വർദ്ധിച്ചിരിക്കുന്നത്. ഓണ ദിവസം രാവിലെ വരുന്നവർക്ക് തലേന്നുള്ളതിനേക്കാൾ നിരക്കിൽ നേരിയ കുറവുണ്ട്. ഓണ ദിവസം വൈകിട്ട് ബംഗളൂരുവിലേക്ക് പോകാനുള്ള നിരക്കും ഇരട്ടിയാണ്.
ചെന്നൈ റൂട്ടിൽ കെ.എസ്.ആർ.ടി.സിയുമില്ല
ചെന്നൈ റൂട്ടിലും സമാന സ്ഥിതിയാണ്. ഇന്നും നാളെയുമൊക്കെ ചെന്നൈയിൽ നിന്ന് കോട്ടയത്തു വരണമെങ്കിൽ 600 മുതൽ 1890 രൂപ വരെയാകും. എന്നാൽ, 13 നാണ് വരവെങ്കിൽ അത് 2990 - 4200 വരെയാകും. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസുമില്ല.
ആഘോഷം കഴിഞ്ഞാലും കൊള്ള
ഓണാഘോഷമൊക്കെ കഴിഞ്ഞ് മടങ്ങിപ്പോകുമ്പോഴും ഇതേ രീതിയിൽ നിരക്ക് ഉയരും. ഓണം പ്രമാണിച്ച് കെ.എസ്.ആർ.ടി.സിയുടെ സ്‌പെഷ്യൽ സർവീസുണ്ടെങ്കിലും പേരിലൊതുങ്ങും. ഇപ്പോൾ, ഓണനാളുകളിലെ ടിക്കറ്റിലേറെയും ബുക്കിംഗായി. അവസരം മുതലെടുത്ത് സ്വകാര്യ ബസ് കമ്പനികൾ കൊയ്ത്ത് നടത്തുമ്പോഴാണ് കെ.എസ്.ആർ.ടിസി. കാഴ്ചക്കാരായി നിൽക്കുന്നത്.
''എല്ലാ സീസണിലും ഇതാണ് അവസ്ഥ. ഇതിന് നിയന്ത്രണം കൊണ്ടുവരാൻ സർക്കാരിന് കഴിയുന്നില്ല.
മനു വിജയ്, ടെക്കി ബംഗളൂരു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |