തിരുവനന്തപുരം: പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി അമ്മയുടെ ശ്രാദ്ധത്തിനായി തറവാട്ടിലെത്തുന്ന ഉണ്ണിയുടെ ആത്മസംഘർഷത്തിൽ നിന്നാരംഭിക്കുന്ന മെഗാ ഓപ്പൺ എയർ സ്റ്റേജ് ഷോ സാഹിത്യ കുലപതി എം.ടി.വാസുദേവൻ നായർക്കുള്ള ആദരമായി. എം.ടിയുടെ കഥകളിലെ വിഖ്യാത കഥാപാത്രങ്ങളെ സമന്വയിപ്പിച്ച് ഒറ്റകഥയാക്കി വഴുതക്കാട് ടാഗോർ തിയേറ്റർ മുറ്റത്ത് അരങ്ങേറിയ 'തുടർച്ച' എന്ന നാടകരൂപമാണ് കാണികൾക്ക് പുത്തൻ അനുഭവമായത്. സൂര്യ കൃഷ്ണമൂർത്തിയാണ് രചനയും സംവിധാനവും. മാനസഗുരുവിന്റെ വിഖ്യാത കഥാപാത്രങ്ങളെ ശിഷ്യന്റെ കഥാപാത്രങ്ങൾ കാണുകയും സമാന ദുഃഖം പങ്കുവയ്‌ക്കുകയും ചെയ്യുന്ന രൂപത്തിൽ 25 വർഷം മുൻപ് സൂര്യ കൃഷ്‍ണമൂർത്തി എഴുതിയ നാടകത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്.
എം.ടി.യുടെ പിറന്നാളിന്റെ ഓർമ്മ,വിത്തുകൾ, തൃഷ്‌ണ,അമൃതംഗമയ,നാലുകെട്ട്,ഇരുട്ടിന്റെ ആത്മാവ്,പള്ളിവാളും കാൽച്ചിലമ്പും തുടങ്ങിയ പല കഥകളിൽ നിന്നായി അൻപതിലേറെ കഥാപാത്രങ്ങളാണ് 'തുടർച്ച' യിലൂടെ ആസ്വാദകർക്ക് മുന്നിലെത്തിയത്. ശിഷ്യന്റെ കഥാപാത്രങ്ങളായ ചായക്കടക്കാരൻ നാണു നായരും നാദസ്വര വിദ്വാൻ കുഞ്ചുപിള്ളയും വെളിച്ചപ്പാടും നാരായണൻ കുട്ടിയും ഗുരുവിന്റെ കഥാപാത്രങ്ങളെ കാണുന്നത് നാടകത്തിന് ഒഴുക്ക് സമ്മാനിക്കുന്നു.റെയിൽവേ സ്റ്റേഷൻ പരിസരവും ചായക്കടയും തറവാടും ആൽത്തറയും ക്ഷേത്രവുമാണ് പശ്ചാത്തലം. മികച്ച സെറ്റാണ് ഒരുക്കിയിട്ടുള്ളത്. ഉചിതമായ ദീപ നിയന്ത്രണവും ശബ്ദക്രമീകരണവും മികച്ച അനുഭവം സമ്മാനിക്കുന്നു. സ്വാഭാവിക അഭിനയത്തിന്റെ മൂന്നുമണിക്കൂറാണ് കാണികൾക്ക് അനുഭവവേദ്യമാകുന്നത്. സിനിമാനടി രചനാ നാരായണൻകുട്ടിയാണ് പ്രധാനവേഷത്തിൽ.ശ്യാമളാമ്മ, സരിത രാധാകൃഷ്‌ണൻ, അവനി സുനിൽ,ആരാധ്യ, എം.കെ.ഗോപാലകൃഷ്‌ണൻ, കൃഷ്ണൻനായർ നെയ്യാറ്റിൻകര തുടങ്ങി അൻപതോളം നടീനടൻമാരും വേദിയിലെത്തുന്നു. വെള്ളിയാഴ്‌ച വരെ എന്നും വൈകിട്ട് 6.45ന് നാടകം ഇവിടെ അവതരിപ്പിക്കും. 100 രൂപയാണ് ടിക്കറ്റ് നിരക്ക്.വരുമാനത്തിന്റെ ഒരു വിഹിതം വയനാട് പുനരധിവാസത്തിന് നൽകും. ശേഷിക്കുന്ന തുക കലാകാരന്മാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് സൂര്യാകൃഷ്‌ണമൂർത്തി പറഞ്ഞു. കോഴിക്കോട് എം.ടിയുടെ മുന്നിലും നാടകം അവതരിപ്പിക്കും. സാംസ്‌കാരിക വകുപ്പും പബ്ളിക് റിലേഷൻസ് വകുപ്പും സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |