തിരുവനന്തപുരം: പങ്കാളിത്ത പെൻഷനുപകരം കേന്ദ്രം പുതിയ പെൻഷൻ പദ്ധതി കൊണ്ടുവന്നെങ്കിലും സംസ്ഥാനത്ത് പെൻഷൻ പരിഷ്കരണം വൈകിയേക്കും. സാമ്പത്തിക പ്രതിസന്ധിമൂലം ജീവനക്കാരുടെ ശമ്പള പരിഷ്കരണ, ക്ഷാമബത്ത കുടിശികകൾ കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ കൂടുതൽ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന പെൻഷൻ പരിഷ്കരണം എങ്ങനെ നടപ്പാക്കാനാകുമെന്ന ആശങ്കയാണ് സർക്കാരിന്. മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ 14%ഉം ജീവനക്കാരുടെ 10%ഉം വിഹിതം നിലവിലെ പങ്കാളിത്ത പെൻഷൻ പദ്ധതി ഫണ്ടിൽ മാസംതോറും നിക്ഷേപിക്കുന്നുണ്ട്. ഇതിൽ നിന്ന് സംസ്ഥാനം 1767കോടി വായ്പയും എടുത്തിട്ടുണ്ട്.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിന്മാറിയാൽ ഇൗ ഫണ്ടിൽ നിക്ഷേപിച്ച തുക തിരിച്ചു നൽകാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ പദ്ധതിയിൽ നിന്ന് സംസ്ഥാനം ഏകപക്ഷീയമായി പിന്മാറുന്നത് ഉചിതമല്ലെന്ന ഉപദേശമാണ് സർക്കാരിന് കിട്ടിയത്. കേന്ദ്രം പുതിയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പങ്കാളിത്ത പെൻഷന്റെ കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്നുകൂടി അറിഞ്ഞിട്ടാകും സംസ്ഥാനത്തിന്റെ തീരുമാനം.
അതേസമയം, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. നിലവിൽ രണ്ടുലക്ഷത്തോളം ജീവനക്കാർ പങ്കാളിത്ത പെൻഷനിലും മൂന്നരലക്ഷം പേർ സ്റ്റാറ്റ്യൂട്ടറി പെൻഷനിലുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |