കരുനാഗപ്പള്ളി: യുവതിയുടെ നഗ്‌നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. ആദിനാട് നോർത്ത്, മണിമന്ദിരം വീട്ടിൽ ചിക്കു(29) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഇയാൾ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടെയായിരുന്നു അറസ്റ്റ്. ഈ കേസിലെ മുഖ്യപ്രതിയായ ആദിനാട് സായികൃപയിൽ ഷാൽകൃഷ്ണനെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു.
നിർദ്ധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ ഷാൽകൃഷ്ണൻ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും തുടർന്ന് ഇയാളുടെ സുഹൃത്തുക്കളായ ചിക്കു, ഗുരുലാൽ എന്നിവരോടൊപ്പം രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മർദ്ദിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
അറസ്റ്റിലായ ചിക്കു ഓച്ചിറ പൊലീസ് സ്റ്റേഷനിലെ വധശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു, എസ്.ഐ മാരായ ഷമീർ, ഷാജിമോൻ, സജികുമാർ, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ കഴിയുന്ന ഗുരുലാലിനായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |