അടുത്തിടെയാണ് മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകം മുഴുവൻ ഇത് ചർച്ചയാകുകയും ചെയ്തു.
'വെള്ളിത്തിരയുടെ ആകാശത്ത് തിളങ്ങുന്ന ചന്ദ്രനും മിന്നുന്ന താരങ്ങൾ മിക്കതും പൊള്ളയാണ്. അവയ്ക്ക് ആ തിളക്കമൊന്നുമില്ല. ദുരൂഹതകൾ നിറഞ്ഞതാണീ ആകാശം...' എന്ന് പറഞ്ഞുകൊണ്ടാണ് റിപ്പോർട്ടിന്റെ ആമുഖം ആരംഭിക്കുന്നത്.
ഷോക്കിംഗ് എന്ന് പറഞ്ഞുകൊണ്ടാണ് സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രധാന പ്രശ്നമായ ലൈംഗികാതിക്രമത്തെക്കുറിച്ച് ജസ്റ്റിസ് ഹേമ വിവരിച്ചിരിക്കുന്നത്. അർദ്ധരാത്രി നടിമാരുടെ വാതിലിൽ മുട്ടുകയും, വഴങ്ങാത്തവരുടെ അവസരം കളയിക്കുകയുമൊക്കെ ചെയ്‌ത സംഭവങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തേക്ക് വന്നു.
സിനിമ മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കാര്യങ്ങളാണോ ഇത്? വിഷയം ചർച്ചയായതോടെ സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന ഒരു ചോദ്യമാണിത്. ഒരിക്കലും അല്ല. അവസരസമത്വം എന്നൊക്കെ പറയുമ്പോഴും അതൊന്നും പലയിടത്തും നടപ്പാകുന്നില്ലെന്നത് തന്നെയാണ് സത്യം. പുരോഗമനവാദം വാക്കുകളിൽ മാത്രം ഒതുങ്ങുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് തകൃതിയായി ചർച്ച ചെയ്യുമ്പോഴും സ്വന്തം സ്ഥാപനത്തിൽ എന്ത് നടക്കുന്നെന്ന് ചിന്തിക്കുന്നവരും ചുരുക്കം.
കഴിവുണ്ടായിട്ടും സ്ത്രീയായതിനാൽ മാത്രം അവസരങ്ങൾ നിഷേധിക്കപ്പെട്ട നിരവധി പേരുണ്ട് സമൂഹത്തിൽ. പെണ്ണല്ലേ ഇവളെ എന്തും പറയാം എന്നുകരുതുന്ന സഹപ്രവർത്തകരും കാണും. ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തിയാൽ അവൾ നിഷേധിയാകും. മറ്റുള്ളവരുടെ മുന്നിൽ അപകീർത്തിപ്പെടുത്തും. വെർബൽ അബ്യൂസോ, ഫിസിക്കൽ അസോൾട്ടോ ഉണ്ടായി പരാതി കൊടുത്താൽ പോലും പലയിടത്തും പഴി പെണ്ണിനായിരിക്കും. സമൂഹം എത്രയൊക്കെ മാറിയെന്ന് പറഞ്ഞാലും പലരുടെയും മനസിൽ ഇന്നും ഇരുട്ട് തന്നെയാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടിയിട്ടില്ലെന്ന് ചുരുക്കം
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയാൻ കൊണ്ടുവന്ന ആഭ്യന്തര പരിഹാര കമ്മിറ്റി പരാജയമാണെന്നാണ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തൽ. പരാതിയിൽ കണ്ടെത്തിയാൽ തന്നെ എത്രപേർക്കെതിരെ നടപടിയുണ്ടാകാറുണ്ട്? ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ സുരക്ഷ മുൻ നിർത്തിയാണ് കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം 'ഷീ ബോക്സ്' പോർട്ടലിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാം.
എന്താണ് ഷീ ബോക്സ്
സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സെക്ഷ്വൽ ഹരാസ്‌മെന്റിനെപ്പറ്റിയുള്ള പരാതികൾ പറയാനുള്ള വേദിയാണ് ഷീ ബോക്‌സ്. പരാതികൾ ഫയൽ ചെയ്യുന്നതിനും അവയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും ഇന്റേണൽ കമ്മിറ്റികൾ സമയബന്ധിതമായി പരാതികൾ പ്രോസസ്സ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ പോർട്ടൽ സഹായിക്കുന്നു.
പരാതികളെ കാര്യക്ഷമമായി കൈകാര്യം ചെയ്യും. ഉറപ്പായും പരിഹാരമുണ്ടാകുമെന്ന് വനിതാ ശിശു വികസന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഒരു നോഡൽ ഓഫീസർ പരാതികൾ തത്സമയം നിരീക്ഷിക്കും.
ഷീ ബോക്സ് പോർട്ടൽ എന്ന ആശയം 2017ലാണ് ആദ്യമായി അവതരിപ്പിച്ചത്. അതിന്റെ നവീകരിച്ച പതിപ്പാണിത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രധാന ചുവടുവയ്‌പ്പാണിതെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണാ ദേവി പോർട്ടലിനെപ്പറ്റി പറഞ്ഞത്.
'വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഇത് തീർച്ചയായും പ്രയോജനം ചെയ്യും. എവിടെ നിന്നും ഗൂഗിളിലൂടെ പോർട്ടൽ ആക്സസ് ചെയ്യാം. കൂടാതെ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച്, ഇതിനെപ്പറ്റി കഴിയുന്നത്ര അവബോധം പ്രചരിപ്പിക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തും. സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീകൾക്ക് നിർഭയമായി ജോലി ചെയ്യാൻ കഴിയും.' മന്ത്രി പറഞ്ഞു.
എന്താണ് സെക്ഷ്വൽ ഹരാസ്‌മെന്റ്?
ശാരീരികമായി ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് മാത്രമല്ല സെക്ഷ്വൽ ഹരാസ്‌മെന്റ്. ഒരു സ്ത്രീയുടെ അന്തസിന് കളങ്കം വരുത്തുന്നതോ പ്രതികൂലമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതോ ആയ ശാരീരികമോ വാക്കാലുള്ളതോ ആയ പെരുമാറ്റമാണ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന് പറയുന്നത്.
ജോലിസ്ഥലത്തിരുന്ന് പറയുന്ന പല 'തമാശകളും' ലൈംഗികാതിക്രമങ്ങളുടെ പരിധിയിൽ പെടുമെന്ന് ചുരുക്കം. ലൈംഗികാത്രികമങ്ങൾ നടത്തിയവർക്കുവേണ്ടി വാദിക്കുന്നവരെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. ഇത്തരം സംരക്ഷണ വലയങ്ങൾ ഉണ്ടാകുമെന്ന തിരിച്ചറിവിലാണ് ഷീ ബോക്സ് പോർട്ടൽ കൊണ്ടുവന്നിരിക്കുന്നത്.
പോർട്ടലിന്റെ പ്രവർത്തനം
ജോലിസ്ഥലത്ത് അതിക്രമത്തിന് ഇരയാകുന്ന ഏത് സ്ത്രീയ്‌ക്കും അവരുടെ പരാതി ഷീബോക്സിൽ രജിസ്റ്റർ ചെയ്യാം. അതിനുശേഷം രണ്ട് തരത്തിലുള്ള കമ്മിറ്റികൾ രൂപീകരിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരു ഇന്റേണൽ കമ്മിറ്റിയും സർക്കാർ സ്ഥാപനങ്ങൾക്ക് ജില്ലാ മജിസ്‌ട്രേറ്റിന്റെയോ ഡെപ്യൂട്ടി കമ്മീഷണറുടെയോ അല്ലെങ്കിൽ അവർ നിയമിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെയോ അദ്ധ്യക്ഷതയിൽ ഒരു ലോക്കൽ കമ്മിറ്റിയും രൂപീകരിക്കും.
ഒരു സ്ത്രീ പരാതി രജിസ്റ്റർ ചെയ്യമ്പോൾ അത് പൂർണമായും രഹസ്യമായി സൂക്ഷിക്കും. തുടർന്ന് ലോക്കൽ കമ്മിറ്റിയിലോ ഇന്റേണൽ കമ്മിറ്റിയിലോ കേസ് രജിസ്റ്റർ ചെയ്യുകയും സമയാസമയങ്ങളിൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും പരാതി പരിഹരിച്ചോ എന്നൊക്കെയുള്ള കാര്യങ്ങൾ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നിരീക്ഷിക്കും.
പോർട്ടൽ - https://shebox.wcd.gov.in/
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |