തിരുവനന്തപുരം: കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് 10ന് തുടക്കം. ന്യായവില ഉത്പന്നങ്ങളുമായി ഒരുങ്ങുന്ന വിപണനമേളയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് പത്തനംതിട്ടയിൽ നിർവഹിക്കും. 1070 സി.ഡി.എസുകളിൽ ഓരോന്നിലും രണ്ടുവീതം 2140 വിപണനമേളകളും 14 ജില്ലാതല മേളകളുമാണ് സംഘടിപ്പിക്കുക.
ജില്ലാതല വിപണനമേളകൾ സംഘടിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും രണ്ടുലക്ഷവും ഗ്രാമ-നഗര സി.ഡി.എസുകൾക്ക് 20,000 രൂപയും നൽകും. നഗര സി.ഡി.എസുകളിൽ രണ്ടിൽ കൂടുതലായി നടത്തുന്ന ഓരോ വിപണനമേളയ്ക്ക് 10,000 രൂപ വീതവും നൽകും.
മേളകളോടനുബന്ധിച്ച് അയൽക്കൂട്ടാംഗങ്ങളുടെയും ബാലസഭാംഗങ്ങളുടെയും നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. വിപണനമേള 14ന് സമാപിക്കും.
മൂല്യവർദ്ധിത ഉത്പന്നങ്ങളും
കുടുംബശ്രീ ബ്രാൻഡായ 'ഫ്രഷ് ബൈറ്റ്സ്' ചിപ്സ്,ശർക്കരവരട്ടി,ധാന്യപ്പൊടികൾ,ഭക്ഷ്യോത്പന്നങ്ങൾ,മൂല്യവർദ്ധിത ഉത്പന്നങ്ങൾ,കരകൗശലവസ്തുക്കൾ,വസ്ത്രങ്ങൾ,വനിതാ കർഷകരും സംരംഭകരും ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾ എന്നിവ മേളയിൽ നിന്ന് ലഭിക്കും. എല്ലാ ഉത്പന്നങ്ങൾക്കും കുടുംബശ്രീ ലോഗോ പതിച്ച കവർ,പായ്ക്കിംഗ്,യൂണിറ്റിന്റെ പേര്,വില,ഉത്പാദന തീയതി,വിപണന കാലയളവ് എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജമന്തി,ബന്ദി,മുല്ല,താമര തുടങ്ങി വിവിധയിനം പൂക്കളും മേളയിലുണ്ടാകും.
ഉച്ചഭക്ഷണം: വിഹിതം
ഉടനെന്ന് സർക്കാർ
കൊച്ചി: സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ജൂലായ് മാസത്തെ സംസ്ഥാന സർക്കാർ വിഹിതം ഒരാഴ്ചയ്ക്കുള്ളിലും കേന്ദ്ര സർക്കാർ വിഹിതം രണ്ടാഴ്ചയ്ക്കകവും നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ജൂലായ്, ആഗസ്റ്റ് മാസത്തിലെ ബിൽ ഇതുവരെ അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കെ.പി.എസ്.ടി.എ ഫയൽ ചെയ്ത ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ ഹർജി ഓണാവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ പാചകച്ചെലവും മുട്ട, പാൽ എന്നിവയുടെ തുകയുമാണ് പ്രധാനാദ്ധ്യാപകരുടെ ഫണ്ടിലേക്ക് ലഭിക്കാത്തത്.
കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോ.
സംരംഭക കൺവെൻഷൻ
തൃശൂർ : കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ (സി.ഒ.എ) സംരംഭക കൺവെൻഷൻ നാളെ രാവിലെ പത്തിന് ലുലു കൺവെൻഷൻ സെന്ററിൽ നടക്കും. ഈ സാമ്പത്തിക വർഷത്തിൽ അഞ്ച് ലക്ഷം വീതം ബ്രോഡ് ബാൻഡ്, ഡിജിറ്റൽ കേബിൾ ടി.വി വരിക്കാരെ കണ്ടെത്തുകയാണ് ലക്ഷ്യം. 1500ൽപരം കേബിൾ ടി.വി സംരംഭകർ പങ്കെടുക്കും. 10.30ന് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ അദ്ധ്യക്ഷത വഹിക്കും. കേരള വിഷൻ ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ കമേഴ്സ്യൽ ലോഞ്ചിംഗ് പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും. 'സംരംഭകർക്ക് മുൻപിലെ വെല്ലുവിളികളും സാദ്ധ്യതകളും' വിഷയത്തിൽ ഇസാഫ് ബാങ്ക് എം.ഡി പോൾ കെ.തോമസ് സംസാരിക്കും. വൈകിട്ട് അഞ്ചിന് കേരള വിഷൻ ടെലിവിഷൻ അവാർഡ് നൈറ്റും മെഗാ ഷോയും നടക്കുമെന്ന് സി.ഒ.എ ജനറൽ സെക്രട്ടറി പി.ബി.സുരേഷ്, കേരള വിഷൻ ചെയർമാൻ കെ.ഗോവിന്ദൻ, കെ.സി.സി.എൽ എം.ഡി. പി.പി.സുരേഷ്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |