ഒഴിയാതെ കത്തിപ്പടരുന്ന രാഷ്ട്രീയ വിവാദങ്ങൾക്കും സർക്കാരിന്റെ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കുമിടയിൽ പാവപ്പെട്ടവർക്കായുള്ള 'ലൈഫ്' പദ്ധതി ഊർദ്ധശ്വാസം വലിക്കുകയാണ്. കയറിക്കിടക്കാൻ ഉറപ്പുള്ള ഒരു കൂരയ്ക്കായി വർഷങ്ങളായി കാത്തിരിക്കുന്നവർ ഏറെയാണ്. ലൈഫ് പദ്ധതിയനുസരിച്ച് വീടു ലഭിക്കുമെന്ന പ്രതീക്ഷയിൽ, ഉണ്ടായിരുന്ന കുടിൽ പൊളിച്ചുകളഞ്ഞവരും നിരവധിയുണ്ട്. സ്വന്തമായി ഒരു തുണ്ടു ഭൂമിയുള്ളവരും ഒരിഞ്ചുപോലും ഭൂമിയില്ലാത്തവരും ഒരുപോലെ വീടിനായി കാത്തിരിപ്പുണ്ട്. പദ്ധതി രണ്ടുഘട്ടം പൂർത്തിയായശേഷവും സംസ്ഥാനത്ത് ഭവനരഹിതരായി അഞ്ചുലക്ഷത്തോളം കുടുംബങ്ങളുണ്ടെന്നാണ് കണക്ക്. ഇവരിൽ ഒന്നരലക്ഷത്തിലധികം പേർ സ്വന്തമായി ഭൂമി പോലുമില്ലാത്തവരാണ്.
ലൈഫ് പദ്ധതി പ്രകാരം ഒരു ഗുണഭോക്താവിന് വീടുനിർമ്മാണത്തിന് നാലുലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഹഡ‌്‌കോ, ഗ്രാമ - ബ്ളോക്ക് പഞ്ചായത്തുകൾ, സർക്കാർ, ജില്ലാ പഞ്ചായത്ത് എന്നിവയുടെയെല്ലാം വിഹിതം ചേർത്തുള്ളതാണ് തുക. വായ്‌പയായി ഓരോ വീടിനും 2,20,000 രൂപ നിരക്കിലാണ് ഹഡ്‌കോ വിഹിതം. സർക്കാർ ഒരുലക്ഷം രൂപ നൽകും. വിലക്കയറ്റത്തിന്റേതായ ഈ കാലഘട്ടത്തിൽ നാലുലക്ഷമല്ല, അതിലേറെ ചെലവിട്ടാലും വീടു നിർമ്മാണം തീരണമെന്നില്ല. നിർമ്മാണത്തിന്റെ ഓരോ ഘട്ടം തീരുന്ന മുറയ്ക്കാണ് അടുത്ത ഘട്ടത്തിനു പണം അനുവദിക്കുന്നത്. നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുടുങ്ങി സഹായം വൈകുന്നത് പതിവാണ്. പാതിവഴിയിൽ മുടങ്ങിപ്പോയ വീടുകളുടെ അവസ്ഥ കണ്ട് താൽക്കാലിക ഷെഡുകളിൽ കഴിയേണ്ട സ്ഥിതിയാണ് പലർക്കും.
രണ്ടും മൂന്നും വർഷം മുൻപേ വീടിനായി കരാർ ഒപ്പിട്ടവരിൽ പലർക്കും ഇതുവരെ ആദ്യ ഗഡുപോലും ലഭിച്ചിട്ടില്ലെന്നാണ് പരാതി. രണ്ടാം ഗഡുവിന് മാസങ്ങളായി കാത്തിരിക്കുന്നവരും, അവസാന ഗഡു ലഭിക്കാതെ ആകാശം നോക്കിയിരിക്കുന്നവരും കുറവല്ല. അടുത്ത അഞ്ചുവർഷത്തിനകം സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കും വീടു നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതു സാദ്ധ്യമാകണമെങ്കിൽ ലൈഫ് പദ്ധതി വർദ്ധിച്ച ഊർജ്ജത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയണം. സ്വന്തമായി ഭൂമിയില്ലാത്ത കുടുംബങ്ങൾക്കായി ഭൂമി കണ്ടെത്തണം. ഭാരിച്ച ഉത്തരവാദിത്വമാണത്. പാർപ്പിട സമുച്ചയം എന്ന ആശയം ഉടലെടുത്തതിനു പിന്നിൽ ഈ ആശയമാണുള്ളത്. വിവിധ ജില്ലകളിൽ ഇതിനകം ധാരാളം പാർപ്പിട സമുച്ചയങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. ഭൂമിയുടെ ഉയർന്ന വിലയും ലഭിക്കാനുള്ള പ്രയാസവും വച്ചുനോക്കിയാൽ വലിയ പാർപ്പിട സമുച്ചയങ്ങൾ ലാഭകരമാണെന്നു കാണാം.
വാസയോഗ്യമായ ഒരിടം എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. ലൈഫ് പദ്ധതി വഴി സർക്കാർ വലിയൊരു സാമൂഹ്യ ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. അതുകൊണ്ടുതന്നെ ലൈഫ് പദ്ധതി മുടങ്ങാൻ ഇടവരുന്നത് പാവപ്പെട്ട ഭവനരഹിതരോടു കാണിക്കുന്ന ക്രൂരതയാകും. പദ്ധതിക്കു മേൽനോട്ടം വഹിക്കുന്നവർ ഏതു വിധേനയും തടസങ്ങൾ തട്ടിനീക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ മനസുവയ്ക്കണം. കേന്ദ്ര സർക്കാരിന്റെ ഈ വർഷത്തെ ബഡ്ജറ്റിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കു കീഴിൽ മൂന്നുകോടി വീടുകൾ നിർമ്മിക്കുമെന്ന പ്രഖ്യാപനം വന്നിരുന്നു. അതു പ്രയോജനപ്പെടുത്താൻ നമുക്കും കഴിയണം. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ രാഷ്ട്രീയ ചായ്‌വോ ജാതി മതഭേദമോ ഒന്നും പാടില്ല. നടപടിക്രമങ്ങൾ സുതാര്യമായിരിക്കണം. ഇപ്പോഴത്തെ വിഹിതം വർദ്ധിപ്പിക്കാനാകുമോ എന്നും പരിശോധിക്കേണ്ടതുണ്ട്. നിർമ്മാണച്ചെലവ് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ വിഹിതം നാലുലക്ഷം രൂപയിൽ ഒതുക്കുന്നത് യുക്തിഹീനവും കാലത്തിന് യോജിക്കാത്തതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |