തൃശൂർ: ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ തൃശൂർ പൂരം കലക്കിയെന്ന പി.വി. അൻവർ എം.എൽ.എയുടെ ഒളിയമ്പ് വിവാദപ്പൂരമാകുന്നു. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം. പൂരം കലക്കിയവരുടെ വിവരം പുറത്തുവരുന്നതിൽ ബി.ജെ.പിക്ക് എന്താണ് പ്രശ്നമെന്നും അന്വേഷണ റിപ്പോർട്ട് പരസ്യമാക്കണമെന്നും തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനിൽകുമാറും ആവശ്യപ്പെട്ടു.
2016ൽ രക്ഷകനായ സുനിൽ കുമാർ 2024 ൽ പൂരത്തിന്റെ അന്തകനായെന്നായിരുന്നു ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്റെ ആരോപണം. പൂരം കലക്കിയതിൽ ഹൈക്കോടതിയിലും സർക്കാരിനും പരാതി നൽകിയത് താനാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൂരം തകർത്താൽ ഇടതുപക്ഷം ജയിക്കും എന്ന ധാരണ ആർക്കെങ്കിലുമുണ്ടാകുമോ എന്നായിരുന്നു സുനിൽ കുമാറിന്റെ മറുചോദ്യം. അന്വേഷണ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുഖ്യമന്ത്രിക്ക് ഇ-മെയിൽ അയച്ചെന്നും ആദ്ദേഹം പറഞ്ഞു.
പൂരം അലങ്കോലപ്പെട്ടയുടൻ സ്ഥലത്തെത്തിയ സുരേഷ് ഗോപിയുടെ ഇടപെടൽ ദുരൂഹമാണെന്നാണ് കോൺഗ്രസിന്റെയും സി.പി.ഐയുടെയും ആരോപണം. പൂര ദിവസം എ.ഡി.ജി.പി എം.ആർ. അജിത് കുമാർ, നോർത്ത് സോൺ ഡി.ഐ.ജി രാമൻ, തൃശൂർ ഡി.ഐ.ജി അജിത ബീഗം തുടങ്ങിയവരെല്ലാം തൃശൂരിലുണ്ടായിട്ടും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.
സ്വരാജ് റൗണ്ട് കെട്ടിയടച്ചതോടെ വിവാദം
പൂരദിവസം പൊലീസ് തെക്കെ ഗോപുരവാതിലിലൂടെ ആനക്കാരെയും ദേവസ്വം ഭാരവാഹികളെയും കടത്തിവിട്ടില്ല.
വെടിക്കെട്ടിന്റെ പേരിൽ എഴുന്നെള്ളത്ത് വരുന്നതിനിടെ സ്വരാജ് റൗണ്ട് ബാരിക്കേഡ് വച്ച് കെട്ടിയടച്ചു.
ജനങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും കൈയേറ്റം ചെയ്തു. സംഘാടകരെ കൈയേറ്റം ചെയ്യുന്നതടക്കമുള്ള വീഡീയോ ദൃശ്യങ്ങളും പുറത്തുവന്നു. രാത്രി എഴുന്നള്ളത്ത് തടസപ്പെട്ടതോടെ തിരുവമ്പാടി ദേവസ്വം പൂരം നിറുത്തിവച്ചു. രാത്രിയിൽ തുടങ്ങി പുലരുവോളം നീണ്ട ചർച്ചയെത്തുടർന്നാണ് പകൽപ്പൂരം നടന്നത്.
'മുഖ്യമന്ത്രിക്കായി എ.ഡി.ജി.പി തൃശൂരിൽ തങ്ങിയാണ് പൂരം കലക്കിയത്. തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ കരുവന്നൂരിൽ അന്വേഷണം ഇല്ലാതായി'.
- വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്
'സി.പി.ഐ നേതാക്കളാരും പൂരം കലക്കികളുടെ കൂട്ടത്തിലുണ്ടാവില്ല. മുൻ കമ്മിഷണറുടെ രാഷ്ട്രീയ ബന്ധം ബി.ജെ.പി പുറത്തു പറയട്ടെ".
- വി.എസ്.സുനിൽ കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |