ചെന്നൈ: മലയാളി യുവാവും യുവതിയും ചെന്നൈയിൽ ട്രെയിൻ ഇടിച്ചു മരിച്ചു. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം അമ്പലക്കോത്ത് തറോൽ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
ജോലി തേടിയാണ് ഷെരീഫും ഐശ്വര്യയും ചെന്നൈയിലെത്തിയത്. ഇവരെ സ്വീകരിക്കാൻ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു.മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഷെരീഫിനെയും ഐശ്വര്യയെയും ട്രെയിൻ ഇടിക്കുകയായിരുന്നു. ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാൽ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. ഷെരീഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഐശ്വര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഐശ്വര്യയുടെ സംസ്കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. പിതാവ്: ടി.മോഹൻദാസ് (ജനറൽ സെക്രട്ടറി, മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി). മാതാവ്. റാണി (മെഡിക്കൽ കോളജ് എച്ച്ഡിഎസ് ലാബ് ടെക്നിഷ്യൻ). മുഹമ്മദ് ഷെരീഫിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. പിതാവ് ചെന്നൈ സുആദ് ട്രാവൽസ് ഉടമ കിഴക്കേതിൽ സുബൈർ ഹാജി. മാതാവ് കദീജ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |