1,710 ഏക്കറിൽ പാലക്കാട് ജില്ലയിൽ വ്യവസായ നഗരം ഉയരുമെന്ന കേന്ദ്രത്തിന്റെ ഉറപ്പ് പാലക്കാടിനെ പോലെ തന്നെ കേരളത്തിനും ഏറെ പ്രതീക്ഷ നൽകുന്നതാണ്.പുതുവ്യവസായങ്ങൾക്ക് ഏറെ അനുകൂലമായ ജില്ലയാണ് പാലക്കാട് എങ്കിലും കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ നിരവധി വ്യവസായശാലകൾ ജില്ലയിൽ നിന്നു അന്യസംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ പറിച്ചുനടുന്ന പ്രവണതയും ശ്രദ്ധേയമാണ്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് കൂടുതൽ വൻകിട നിക്ഷേപം ആകർഷിക്കാൻ വ്യവസായ നഗരം വികസിപ്പിക്കുന്നതിലൂടെ ആകും. പദ്ധതി പൂർത്തിയായാൽ 51,000 തൊഴിൽ അവസരങ്ങൾ പുതിയതായി സൃഷ്ടിക്കപ്പെടും. 8,700 കോടി രൂപയിലധികം നിക്ഷേപം പുതിയതായി ആകർഷിക്കാനുമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 12 വ്യവസായ നഗരങ്ങളിൽ ഏറ്റവുമധികം മുതൽമുടക്കുള്ള രണ്ടാമത്തെ നഗരമായാണ് പാലക്കാട് വികസിപ്പിക്കുന്നത്. ഇത് സമീപ ജില്ലകളുടെയും മുഖച്ഛായയെ തന്നെ മാറ്റും.
വ്യവസായ മേഖലയിലൂടെ കടന്നുപോകുന്ന പാലക്കാട് – കോയമ്പത്തൂർ റെയിൽവേ ട്രാക്കും സേലം – കൊച്ചി ദേശീയപാതയും തൊട്ടടുത്തുള്ള കോയമ്പത്തൂർ വിമാനത്താവളവുമാണ് പദ്ധതിക്കായി ഈ മേഖലയെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങൾ. ഏറെ അകലെയല്ലാതെയാണ് പാലക്കാട് – കോഴിക്കോട് നിർദിഷ്ട ഭാരത് മാല ഗ്രീൻഫീൽഡ് ഹൈവേ ആരംഭിക്കുന്നത്. കേന്ദ്ര – സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെ ചെറുതും വലുതുമായ എഴുനൂറിലേറെ കമ്പനികളാണു കഞ്ചിക്കോട്ടുള്ളത്. ഇതിൽ അരലക്ഷത്തോളം തൊഴിലാളികളുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ കൊവിഡും സാമ്പത്തികമാന്ദ്യവും സമരവും മൂല പല കമ്പനികളും പ്രതിസന്ധിയിലായി. കോയമ്പത്തൂരിലേക്ക് ഉൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ മാറ്റേണ്ടി വന്നവരും കൂട്ടത്തിലുണ്ട്. വ്യവസായ ഇടനാഴി വരുന്നതോടെ കൂടുതൽ കമ്പനികൾ കഞ്ചിക്കോടേക്ക് എത്തും
ഉയരുന്ന ഭൂമിയുടെ മൂല്യം
പദ്ധതിക്ക് ആവശ്യം 1710 ഏക്കർ ഭൂമിയാണ് ആവശ്യമായിട്ടുള്ളത്. പുതുശേരി സെൻട്രൽ വില്ലേജിന് കീഴിൽ 561.34 ഏക്കർ, സമീപ പ്രദേശങ്ങളിലായി 413.46 ഏക്കർ, കണ്ണമ്പ്രയിൽ 300 ഏക്കർ എന്നിങ്ങനെയാണ് ഭൂമി ഏറ്റെടുത്തത്. ഇവിടങ്ങളിൽ നിന്ന് കൂടുതൽ സ്ഥലം ഏറ്റെടുക്കും. പുതുശ്ശേരി വെസ്റ്റ് വില്ലേജിൽ നിന്ന് 250 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കും. കണ്ണമ്പ്രയിൽ നിന്ന് 13 ഏക്കർ ഭൂമിയും കൂടി ഏറ്റെടുത്തേക്കും. പുതുശ്ശേരി സെൻട്രൽ വില്ലേജിൽ നിന്നാകും ബാക്കിയുള്ള ഭൂമി ഏറ്റെടുക്കുക.
വ്യവസായ നഗരം വികസിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ഉണ്ടാകും. ഈ പ്രദേശങ്ങളിലെ റോഡ് കണക്റ്റിവിറ്റി, വെള്ളം, വൈദ്യുതി വിതരണം എന്നിവയെല്ലാം സുഗമമാകും. പുതിയ വ്യവസായ നഗരങ്ങളുടെ ഭാഗമായി പ്രാദേശിക തലത്തിലുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ആധുനിക വ്യവസായ മേഖലയിലെ സൗകര്യങ്ങളും വികസിപ്പിക്കണം. പ്ലഗ് ആൻഡ് പ്ലേ ഓഫീസുകൾ, വാക്ക് - ടു - വർക്ക് ആശയങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും സർക്കാർ വിഭാവനം ചെയ്യുന്നു. ഇത്തരം ആശയങ്ങൾ സമീപ പ്രദേശങ്ങളിലെയും വികസനം ഉറപ്പാക്കും. പുതിയ തൊഴിൽ അവസരങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളും വ്യവസായ നഗരങ്ങളോട് അനുബന്ധിച്ച സമീപ പ്രദേശങ്ങളിലെ ഭൂമിയുടെ മൂല്യം ഉയർത്തും.
4000 ഏക്കർ
വ്യവസായ മേഖലയാകും
ദേശീയപാതയിലൂടെ പാലക്കാടു നിന്നു കോയമ്പത്തൂരിലേക്കു പോകുമ്പോൾ വലതുവശത്താണു നിലവിലെ കഞ്ചിക്കോട് വ്യവസായ മേഖല. പാതയുടെ ഇടതുവശത്താണു കൊച്ചി - ബെംഗളൂരു വ്യവസായ ഇടനാഴിക്കു കീഴിലുള്ള ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി വരുന്നത്. രണ്ടും കൂടി വന്നാൽ കഞ്ചിക്കോട് ഏതാണ്ട് 4000 ഏക്കർ വ്യവസായ മേഖലയായി മാറും. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ സോൺ ആണിത്. ലോക നിലവാരത്തിലുള്ള സംരംഭങ്ങളാണ് ഇൻഡസ്ട്രിയൽ സ്മാർട് സിറ്റിയിൽ പ്രതീക്ഷിക്കുന്നത്.
സ്മാർട്സിറ്റിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന രീതിയിൽ നിലവിലെ വ്യവസായ മേഖലയെ ഒരുക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാണ്. സ്മാർട്സിറ്റിയുടെ പ്രവർത്തനത്തെ സഹായിക്കുന്ന തരത്തിലുള്ള പുതിയ സംരംഭങ്ങളെ നിലവിലെ വ്യവസായ മേഖലകളിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിക്കണം. സ്മാർട് സിറ്റിയിലെ വൻകിട സ്ഥാപനങ്ങൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ ഉണ്ടാക്കാവുന്ന ചെറിയ ഫീഡർ യൂണിറ്റുകൾ വ്യവസായ മേഖലയിൽ ആസൂത്രണം ചെയ്യാം. ഇതോടെ, കൂടുതൽ ചെറുകിട സംരംഭങ്ങൾ കടന്നുവരും. പ്രതിസന്ധി നേരിടുന്ന പലതിനും പുതുജീവൻ ലഭിക്കുകയും ചെയ്യും. കിൻഫ്ര പാർക്ക്, മെഗാഫുഡ് പാർക്ക്, വൈസ് പാർക്ക്, കെ.എസ്.ഐ.ഐ.ഡി.സി ഇൻവെസ്റ്റ്‌മെന്റ് സോൺ, വ്യവസായ വകുപ്പിനു കീഴിലുള്ള എൻ.ഐ.ഡി.എ, ഐ.ഡി.എ എന്നിവിടങ്ങളിലായി എഴുന്നൂറോളം വലതും ചെറുതുമായ സംരംഭങ്ങളാണ് നിലവിലെ വ്യവസായ മേഖലയിലുള്ളത്.
മികച്ച വൈദ്യുതി
സംവിധാനം ഒരുക്കണം
40 വർഷങ്ങൾക്ക് മുമ്പ് ആസൂത്രണം ചെയ്തതാണ് കഞ്ചിക്കോട് വ്യവസായ മേഖല. കിൻഫ്ര, കെ.എസ്.ഐ.ഡി.സി പദ്ധതികൾ പിന്നീടു വന്നെങ്കിലും പുതിയ വ്യവസായ ലോകത്തിന് ഈ സൗകര്യങ്ങൾ മതിയാകില്ല. കോടികളാണ് ഓരോ മാസവും വൈദ്യുതി നിരക്കായി കെ.എസ്.ഇ.ബിക്കു ലഭിക്കുന്നതെങ്കിലും മികച്ച വൈദ്യുതി വിതരണം സംവിധാനം ഇപ്പോഴും ഇവിടെയില്ല. 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി സ്വപ്നം മാത്രമാണ്. പുതിയ സബ് സ്റ്റേഷനും ഭൂമിക്കടിയിലൂടെയുള്ള വൈദ്യുതി കേബിളും പ്രഖ്യാപിച്ചെങ്കിലും തുടർനടപടിയില്ല. വ്യവസായ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിൽ ആസൂത്രിതമായ ഗതാഗത സംവിധാനം ഇല്ല. ജലവിതരണ സംവിധാനത്തിലും സമഗ്രമായ മാറ്റം വരുത്തേണ്ടതുണ്ട്. മാലിന്യ സംസ്‌കരണ സംവിധാനങ്ങളും കുറ്റമറ്റതല്ല.
നിലവിലെ വ്യവസായമേഖലയുടെ പുരോഗതിക്കായി സ്വകാര്യ - സർക്കാർ പങ്കാളിത്തത്തോടെ യൂട്ടിലിറ്റി കമ്പനി സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിക്കണം. നിലവിലെ വ്യവസായ മേഖലയുടെ സമഗ്രമായ പുരോഗതിക്ക് വഴി തുറക്കാൻ കഴിയും. സ്വകാര്യ സംരംഭകർക്കും മൂലധനനിക്ഷേപം നടത്താൻ കഴിയുമെന്നതിനാൽ സർക്കാരിന്റെ വലിയ ഭാരം ഒഴിവാക്കാം. നിലവിലെ വ്യവസായ മേഖലയെയും ഭാവിയിലെ സ്മാർട് സിറ്റിയെയും ബന്ധിപ്പിക്കാവുന്ന സംവിധാനമായി യൂട്ടിലിറ്റി കമ്പനി മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |