ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ള ഉരസലുകളും പോരുകളും തരം കിട്ടുമ്പോഴുള്ള വേലവയ‌്‌പ്പുമൊക്കെ പഴയ കാലത്തും സജീവമായി നിലനിന്നു പോന്നതാണ്. അന്നൊക്കെ ഇത് അകത്തുള്ള ചിലർക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. ഇന്നത്തെ സ്ഥിതി അതല്ല. ഫേസ്‌ബുക്കിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇത്തരം ചേരിപ്പോരുകൾ എല്ലാവരും അറിയുന്ന അങ്ങാടിപ്പാട്ടുകളായി മാറുന്നു. സർവീസിന്റെ നിലനിൽപ്പിനും മികച്ച പ്രവർത്തനങ്ങൾ കാര്യക്ഷമമായി കാഴ്‌ചവയ്‌ക്കുന്നതിനും അച്ചടക്കം ആവശ്യമാണ്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ശ്വാസംമുട്ടിക്കുന്ന അച്ചടക്കമാണെങ്കിൽ അതിനെതിരെ ചില പ്രതികരണങ്ങൾ പുറത്തുവരുന്നത് നല്ലതാണ്. മൂടിവയ്ക്കപ്പെടുന്ന കാര്യം ജനങ്ങൾക്ക് ദോഷകരമാണെങ്കിൽക്കൂടി അത് തിരുത്തപ്പെടാതെ പോകും. അതിനാൽ ചില കാര്യങ്ങൾ ഇത്തരം വിവാദങ്ങളിലൂടെ പുറത്തുവരുന്നതും, അതിൽ തിരുത്തപ്പെടേണ്ടത് ഉണ്ടെങ്കിൽ തിരുത്തപ്പെടുന്നതും ജനക്ഷേമത്തിന് നല്ലതാണ്.
അതേസമയം തന്റെ സീനിയർ ഓഫീസറെ കൊച്ചാക്കി ചിത്രീകരിച്ചുകൊണ്ട് പൊതുജനമദ്ധ്യത്തിൽ അപഹസിക്കുന്നത് സർവീസിന്റെ അച്ചടക്കലംഘനം തന്നെയാണ്. പരാതികൾ പറയാനും പരിഹാരങ്ങൾ തേടാനും ഔദ്യോഗികമായ വഴികളുണ്ട്. ആ വഴിയാണ് ഏത് ഉദ്യോഗസ്ഥനും ആദ്യം തേടേണ്ടത്. അഡിഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ 'അടുത്ത ചീഫ് സെക്രട്ടറിയെന്നു സ്വയം പ്രഖ്യാപിച്ച് നടക്കുന്ന മഹദ്‌വ്യക്തി" എന്നു പരിഹസിച്ച് കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. മതാടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ വിവാദത്തിലായ വ്യവസായ ഡയറക്ടർ ഗോപാലകൃഷ്ണനെതിരെയും പ്രശാന്ത് വിമർശനം ഉന്നയിക്കുകയുണ്ടായി. പ്രശാന്ത് പട്ടികജാതി- വർഗ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്ന നിലയിൽ 'ഉന്നതി" സി.ഇ.ഒ ആയിരിക്കുമ്പോൾ ഗുരുതര വീഴ്‌ചകൾ വരുത്തിയതായി ചൂണ്ടിക്കാട്ടി ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറുകയുണ്ടായി.
പ്രശാന്ത് പ്രവർത്തിച്ചിരുന്ന കാലത്ത് വകുപ്പിൽ നിന്ന് ചില സുപ്രധാന ഫയലുകൾ കാണാതായെന്നും, കൃത്യമായി ഓഫീസിൽ ഹാജരാകാതെ വ്യാജ ഹാജർ രേഖപ്പെടുത്തിയെന്നും ജയതിലക് മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രശാന്തിനു ശേഷം പട്ടികജാതി- വർഗ വകുപ്പിലേക്കു വന്ന ഗോപാലകൃഷ്ണനും കാണാതായ ഫയലുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. സർക്കാർ ഫയലുകൾ പൊതുജനമദ്ധ്യത്തിൽ ചർച്ചചെയ്യേണ്ടിവരുന്നത് ഇഷ്ടമല്ലെങ്കിലും തൽക്കാലം മറ്റു മാർഗമില്ലെന്ന പരാമർശത്തോടെയാണ് പ്രശാന്ത് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. ജയതിലക് ഒരുപാടു പേരുടെ ജീവിതം തകർത്തിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഇനി വെളിപ്പെടുത്തുമെന്നുമാണ് പ്രശാന്ത് പറയുന്നത്.
മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചതായി കൃത്യമായ അന്വേഷണത്തിൽ കണ്ടെത്തിയാൽ അത് ഗുരുതരമായി കണ്ട് സർക്കാർ നടപടി സ്വീകരിക്കുക തന്നെ വേണം. ഇന്ന് മതത്തിന്റെ പേരിൽ രൂപീകരിക്കുന്ന ഗ്രൂപ്പുകൾ നാളെ ജാതിയുടെ പേരിലുള്ളതായി മാറാം. അവനവന്റെ ജോലി നന്നായി ചെയ്യാനറിയാവുന്ന ഉദ്യോഗസ്ഥന് രാഷ്ട്രീയക്കാരന്റെ തണൽ പറ്റി നിൽക്കേണ്ട കാര്യമില്ല. അങ്ങനെയുള്ള ഉദ്യോഗസ്ഥരോട് രാഷ്ട്രീയ നേതാക്കൾക്കും മതിപ്പായിരിക്കും. ബുദ്ധിവൈഭവം കൊണ്ടാണ് ഉന്നത സിവിൽ സർവീസിൽ മിടുക്കന്മാരും മിടുക്കികളും എത്തുന്നത്. പക്ഷേ, അതുകൊണ്ട് എല്ലാവരും ഉന്നത വ്യക്തിവൈശിഷ്ട്യം പുലർത്തുന്നവരാകണമെന്നില്ല. അമിതമായ ആഗ്രഹങ്ങളും രാഷ്ട്രീയ പക്ഷപാതിത്വവുമാണ് പലപ്പോഴും ഉദ്യോഗസ്ഥരെ വഴിതെറ്റിക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ ഭരണത്തെയാണ് അത് പ്രതികൂലമായി ബാധിക്കുക. അതിനാൽ ഉന്നത ഉദ്യോഗസ്ഥരുടെ വിവാദം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ശക്തമായ നടപടി തന്നെ എത്രയും പെട്ടെന്ന് സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |