കൊച്ചി: കപ്പൽ നിർമ്മാണത്തിൽ രാജ്യത്തിന്റെ ഖ്യാതി യൂറോപ്പിലേക്കും വ്യാപിപ്പിച്ച് കൊച്ചി കപ്പൽശാല. ജർമ്മൻ കമ്പനിക്കായി നിർമ്മിച്ച രണ്ടു കപ്പലുകൾ ഇന്നലെ നീറ്റിലിറക്കി. ആറു മാസത്തിലേറെ നീളുന്ന പരീക്ഷണങ്ങൾക്ക് ശേഷം ഇവ ജർമ്മനിയിലേക്ക് പോകും. സാങ്കേതിക രംഗത്ത് ലോകശക്തിയായ ജർമ്മനി കൊച്ചിയിൽ കപ്പൽ നിർമ്മിച്ചത് ഇന്ത്യൻ മികവിനുള്ള അംഗീകാരമാണ്. ജർമ്മൻ കമ്പനി അധികൃതരും ചടങ്ങിനെത്തിയിരുന്നു.
ജർമ്മനിയിലെ ഉൾനാടൻ ചരക്കുഗതാഗത ശൃംഖലയിലെ പ്രമുഖരായ എം.എസ്.എച്ച്.എസ് സർവീസ് ജി.എം.ബി.എച്ച് ആൻഡ് കോ കെ.ജി കമ്പനി 2023ലാണ് എട്ട് കപ്പലുകൾ നിർമ്മിക്കാൻ ഓർഡർ നൽകിയത്. രണ്ടെണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.
40ലധികം കമ്പനികളുടേതായി 3000 ഉൾനാടൻ ചരക്കുകപ്പലുകളാണ് ജർമ്മനിയിലുള്ളത്. പ്രതിവർഷം 230 ദശലക്ഷം ടൺ ചരക്കുകൈമാറ്റം. ഈ മേഖലയിലേക്ക് ആദ്യമായാണ് ഇന്ത്യൻ നിർമ്മിത കപ്പലുകൾ എത്തുന്നത്. ഇന്ത്യയിലെ വിവിധ കപ്പൽശാലകളിൽ 16 കപ്പലുകൾ ജർമ്മനിക്കായി നിർമ്മിക്കുന്നുണ്ട്.
7000ടൺ
തണുത്തുറഞ്ഞ ജലാശയങ്ങളിലും സുഗമമായി സഞ്ചരിക്കുന്ന 'ഐസ് ക്ലാസ് വെസൽസ്' ആണ് ഈ കപ്പലുകൾ. 110 മീറ്റർ നീളവും 16.5 മീറ്റർ വീതിയും. 7000 ടൺ ഭാരം വഹിക്കുന്ന ബൾക്ക് കാരിയറുകൾ.
ഒന്നിന് 580 കോടി
ഒരു കപ്പലിന് 580 കോടി രൂപയാണ്. അടുത്ത മാർച്ചോടെ മറ്റ് കപ്പലുകളും നീറ്റിലറങ്ങും.
രണ്ട് യുദ്ധക്കപ്പലുകൾ
നാളെ നീറ്റിലിറങ്ങും
നാവിക സേനയ്‌ക്കായി കൊച്ചി കപ്പൽശാല നിർമ്മിച്ച രണ്ട് അന്തർവാഹിനി വേധ കപ്പലുകൾ കൂടി നാളെ നീറ്റിലിറങ്ങുന്നതോടെ ആഴക്കടലിൽ രാജ്യം കൂടുതൽ സൈനിക കരുത്താർജിക്കും. അത്യാധുനിക സോണാർ സംവിധാനമുള്ള കപ്പലുകളുടെ നീളം 78 മീറ്ററും വീതി 11.36 മീറ്ററുമാണ്. വേഗത 25 നോട്ട്. കഴിഞ്ഞ നവംബറിൽ ഐ.എൻ.എസ് മാഹി, ഐ.എൻ.എസ് മാൽവൻ, ഐ.എൻ.എസ് മാംഗ്രോൾ എന്നിങ്ങനെ മൂന്ന് കപ്പലുകൾ നീറ്റിലിറക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |