പത്തനംതിട്ട: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായ കൈയാങ്കളിയിൽ മുൻ എം.എൽ.എ എ.പത്മകുമാറിനും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാറിനും പാർട്ടിയുടെ താക്കീത്. കഴിഞ്ഞദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നടപടിയെടുക്കാൻ ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിന് മാർച്ച് 25ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഇരുവരും ഏറ്റുമുട്ടിയത്. ഡോ. തോമസ് ഐസക്കായിരുന്നു സ്ഥാനാർത്ഥി. പ്രചാരണത്തിലെ വീഴ്ചകളുടെ പേരിൽ പത്മകുമാറും ഹർഷകുമാറും തുടങ്ങിയ വാക്കുതർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്.
തിരഞ്ഞെടുപ്പ് കാലമായതിനാൽ അന്ന് നടപടിയെടുത്തില്ല. തോമസ് ഐസക്കിന്റെ തോൽവിക്ക് നേതാക്കളുടെ കൈയാങ്കളിയും കാരണമായെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തിയതോടെയാണ് നടപടിക്ക് നിർദ്ദേശിച്ചത്. തോമസ് ഐസക്കും മന്ത്രി വി.എൻ. വാസവനും പങ്കെടുത്ത ജില്ലാനേതൃയോഗമാണ് താക്കീത് ചെയ്യാൻ തീരുമാനിച്ചത്. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നാണ് താക്കീത്. കൈയാങ്കളി നടന്നെന്ന വാർത്ത അന്ന് സി.പി.എം നിഷേധിച്ചിരുന്നു. പത്മകുമാറിനെയും ഹർഷകുമാറിനെയും ഒപ്പമിരുത്തി സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു വാർത്താസമ്മേളനം നടത്തുകയും വാർത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |