അറയ്ക്കൽ മാധവനുണ്ണിയെ അറിയാത്ത മലയാളികൾ വിരളമായിരിക്കും. മലയാളികൾ നെഞ്ചിലേറ്റിയ പഴയകാല മമ്മൂട്ടിച്ചിത്രം വല്ല്യേട്ടനിലെ കഥാപാത്രമാണ് മാധവനുണ്ണി. ഇപ്പോഴിതാ കഥാപാത്രം പുതിയ ലുക്കിലെത്തുകയാണ്. മിക്കവാറും ദിവസങ്ങളിലും കേരളത്തിലെ ടെലിവിഷൻ ചാനലുകളിലെത്തുന്ന ചിത്രം വീണ്ടും തിയേറ്ററിൽ കാണാം. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ ഇന്നലെയാണ് ആരാധകർക്ക് സമ്മാനമായി വിവരം പങ്കുവച്ചത്.
4k ഡോൾബി അറ്റ്‌മോസ് സിസ്റ്റത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇന്നലെയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ശബ്ദമികവോടെയും പുതുമാറ്റങ്ങളോടെയും എത്തുന്ന ചിത്രം സെപ്തംബർ അവസാന ആഴ്‌ചയോടെ പ്രദർശനത്തിനെത്തുമെന്നാണ് വിവരം.
രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത വല്ല്യേട്ടൻ 2000ലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടിക്ക് പുറമെ ശോഭന, സിദ്ദിഖ്, കലാഭവൻ മണി, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, എൻ എഫ് വർഗീസ്, വിജയകുമാർ, സുധീഷ്, സായ് കുമാർ, ഭീമൻ രഘു ഉൾപ്പെടെ വൻ താരനിര അണിനിരന്ന സിനിമ വലിയ ഹിറ്റായിരുന്നു. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയും അനിൽ അമ്പലക്കരയും ചേർന്നായിരുന്നു നിർമാണം. രാജാമണിയുടെ സംഗീതത്തിൽ ഗിരിഷ് പുത്തഞ്ചേരി രചിച്ച വല്ല്യേട്ടനിലെ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു.
പഴയകാല മോഹൻലാൽ ചിത്രങ്ങളായ ദേവദൂതനും മണിച്ചിത്രത്താഴും പുത്തൻ സാങ്കേതിക വിദ്യയുടെ മികവിൽ അടുത്തിടെ വീണ്ടും തിയേറ്ററുകളിലെത്തിയിരുന്നു. ആരാധകർ ഇരുചിത്രങ്ങൾക്കും വൻ സ്വീകരണമാണ് നൽകിയത്. റി-റിലീസ് ചെയ്ത ആദ്യ ദിനങ്ങളിൽ ഹൗസ് ഫുൾ ഷോകളായിരുന്നു ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |