തിരുവനന്തപുരം: പ്രതിഷേധ സമരങ്ങൾ തുടരുന്നതിനിടെ 100 മണിക്കൂർ പിന്നിട്ട വാട്ടർ അതോറിട്ടിയുടെ പൈപ്പ് മാറ്റൽ പണി രാത്രി 10ഓടെ പൂർത്തിയാക്കി. കുടിവെള്ളവിതരണം പുലർച്ചയോടെ സാധാരണ നിലയിലാകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
ഞായറാഴ്ച പുലർച്ചെയോടെ കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുമെന്നായിരുന്നു ശനിയാഴ്ച നടന്ന ഉദ്യോഗസ്ഥ തലയോഗശേഷം മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്. എന്നാൽ ജനങ്ങൾക്ക് വെള്ളം കിട്ടിയില്ല. ഉച്ചയോടെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പണി നടക്കുന്ന മേഖലകളിലെത്തി പുരോഗതിവിലയിരുത്തി. വൈകിട്ട് നാലോടെ പമ്പിംഗ് ആരംഭിക്കുമെന്ന് അറിയിച്ചു. എന്നാൽ, രണ്ടു മന്ത്രിമാരുടെയും ഉറപ്പുകൾ ഫലംകണ്ടില്ല.
കിള്ളിപ്പാലം-ജഗതി ഭാഗത്തെ സി.ഐ.ടി റോഡിൽ സ്ഥാപിച്ച വാൽവിൽ ശനിയാഴ്ച ലീക്ക് കണ്ടെത്തിയിരുന്നു. ഇതോടെ വാൽവ് അഴിച്ച് വീണ്ടും സെറ്റ് ചെയ്യേണ്ടിവന്നു. ആങ്കർ ബ്ലോക്ക് സ്ഥാപിക്കലും പ്രതീക്ഷിച്ച വേഗത്തിൽ പൂർത്തിയാക്കാനായില്ല. അറ്റകുറ്റപ്പണിക്കിടെ മണ്ണിടിച്ചിലുണ്ടായതും പണി പുരോഗമിക്കുന്നതിനിടെ വാൽവ് ഫിക്ട് ചെയ്തതിൽ പലതവണ അപാകതയുണ്ടായതും പണി നീളാനിടയായി.
തിരുവനന്തപുരം - നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പി.ടി.പി നഗറിൽ നിന്ന് ഐരാണിമുട്ടം ഭാഗങ്ങളിലേക്കുള്ള 700 എം.എം ഡി.ഐ പൈപ്പ് ലൈൻ, നേമം ഭാഗത്തേക്കുള്ള 500 എം.എം ലൈൻ എന്നിവയുടെ അലൈൻമെന്റ് മാറ്റുന്ന ജോലികളാണ് ജലവിതരണത്തിന് തടസമായത്. റെയിൽവേ ലൈനിന്റെ അടിയിലുള്ള 700 എം.എം പൈപ്പ് മാറ്റുന്ന പണിയിലാണ് പിഴവുണ്ടായത്. ഇതാണ് ജലവിതരണം തുർന്നും തടസപ്പെടാൻ കാരണമായത്. പൈപ്പ് ലൈൻ സ്ഥാപിച്ചതിന്റെ വശങ്ങളിൽ മണ്ണിടിച്ചിലുണ്ടായതിനാൽ അത് കോരി മാറ്റേണ്ടിവന്നു. അതിനുശേഷം നട്ടുകൾ മുറുക്കി വാൽവുകൾ സ്ഥാപിക്കാനുള്ള കാലതാമസമാണ് ഉണ്ടായതെന്നും വാട്ടർ അതോറിട്ടി വിശദീകരണത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |