SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.11 PM IST

'ബസുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധം, അയ്യപ്പഭക്തരെ നിർത്തികൊണ്ട് പോകാൻ പാടില്ല'; നിർദ്ദേശവുമായി ഹൈക്കോടതി

Increase Font Size Decrease Font Size Print Page
highcourt

കൊച്ചി: ശബരിമല തീർത്ഥാടനക്കാലം നാളെ ആരംഭിക്കാനിരിക്കെ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ഒരു കെഎസ്ആർടിസി ബസുപോലും ഉണ്ടാകരുതെന്ന കർശന നിർദ്ദേശവുമായി ഹൈക്കോടതി. തീർത്ഥാടകരെ നിർത്തിക്കൊണ്ട് പോകരുതെന്നും ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ , എസ്.മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെ‍ഞ്ച് വ്യക്തമാക്കി. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.

ആയിരത്തോളം ബസുകളാണ് ശബരിമല തീർത്ഥാടനത്തിനായി കെഎസ്ആർടിസി അയയ്ക്കുന്നത്. തീർത്ഥാടകർക്കായി ഒരുക്കുന്ന ബസുകളുടെ കാര്യത്തിൽ ഹൈക്കോടതി മുൻപും നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത് കർശനമായി പാലിച്ചിരിക്കണമെന്നാണ് ഇന്ന് കോടതി നിർദേശിച്ചത്. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഗതാഗത കമ്മിഷണർ ഉറപ്പാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

എന്തൊക്കെ ഒരുക്കങ്ങൾ പൂർത്തിയായെന്ന റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. 70,000 ഭക്തർക്ക് വെർച്വൽ ക്യൂ സംവിധാനം വഴിയും 10,000 പേർക്ക് സ്പോട് ബുക്കിംഗിലൂടെയുമാണ് തീർത്ഥാടനത്തിന് അവസരം ഒരുക്കിയിരിക്കുന്നത്. 18-ാം പടിയിൽ പരിചയ സമ്പന്നരായ പൊലീസുകാരെ നിയോഗിക്കും. ഒരു ദിവസം 18 മണിക്കൂറാണ് ക്ഷേത്രം തുറന്നിരിക്കുക. ചുക്കുവെള്ളവും ബിസ്ക്കറ്റുമടക്കം മുഴുവൻ സമയവും ലഭ്യമാക്കും. ജലം, വൈദ്യുതി, വനംവകുപ്പ് തുടങ്ങിയവയും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അറിയിച്ചു. എല്ലാ ദിവസവും മൂന്ന് നേരവുമുള്ള അന്നദാനത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായതായി ബോർഡ് അറിയിച്ചിട്ടുണ്ട്.

TAGS: HIGHCOURT, SABARIMALA, PILGRIMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY