പാരാലിമ്പിക്സിൽ ചരിത്രം നേട്ടവുമായി ഇന്ത്യ
പാരീസ്:പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ടും എതിരാളികളെ പോരാട്ടവീര്യം കൊണ്ട് മറികടന്ന് പാരാലിമ്പിക്സിൽ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ വേട്ട നടത്തി, ലോക വേദിയിൽ രാജ്യത്തിന്റെ അഭിമാനം വാനമോളമുയർത്തി ഇന്ത്യൻ സൂപ്പർ താരങ്ങൾ. 7 സ്വർണവും 9 വെള്ളിയും 13 വെങ്കലവുമുൾപ്പെടെ 29 മെഡലുകൾ സ്വന്തമാക്കി റെക്കാഡ് പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ പാരീസിൽ നടത്തിയത്. കഴിഞ്ഞ തവണ ടോക്യോയിൽ നേടിയ 19 മെഡലുകളായിരുന്നു പാരീസിന് മുമ്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ഇത്തവണ മെഡൽ നേട്ടത്തിെനൊപ്പം റെക്കാഡ് തിരുത്തലുകളും പേഴ്സണൽ ബെസ്റ്റ് പ്രകടനങ്ങും ഇന്ത്യൻ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായി. വലിയ വേദിയിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാനായതാണ് ഇന്ത്യൻ താരങ്ങളുടെ കുതിപ്പിന് പ്രധാന കാരണമായത്. ഇന്നലെ രാത്രി 11ന് തുടങ്ങിയ സമാപനച്ചടങ്ങിൽ സ്‌പ്രിന്റർ പ്രീതി പാലും അമ്പെയ്‌ത്ത് താരം ഹർവീന്ദർ സിംഗുമാണ് ഇന്ത്യൻ പതാകയേന്തിയത്.
അത്‌ലറ്റിക്സിൽ അതിഗംഭീരം
ഇത്തവണ അത്ലറ്റിക്സിൽ നിന്ന് മാത്രം 17 മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതകളുടെ ടി35 100 മീറ്ററിൽ വെങ്കലം നേടി പ്രീതി പാൽ പാരാലിമ്പിക്‌സിൽ ട്രാക്ക് ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി. 200 മീറ്ററിലും പ്രീതി വെങ്കലം നേടിയിരുന്നു. പാരാലിമ്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും ഉത്തർപ്രദേശിലെ മുസാഫർ നഗർ സ്വദേശിയായ പ്രീതി സ്വന്തമാക്കി.
പാരാലിമ്പിക്സ് ജൂഡോയിലും ഇന്ത്യയ്ക്ക് ആദ്യമായി മെഡൽ നേടാനായി. പുരുഷ വിഭാഗം 60 കിഗ്രാം ജെ1 ക്ലാസിൽ കപിൽ പൽമാറാണ് വെങ്കലം നേടി ചരിത്രമെഴുതിയത്.
അമ്പെയ്ത്തിൽ ആദ്യമായി സ്വർണ നേട്ടവും സ്വന്തമാക്കാനായി.
പുരുഷ റിക്കർവ് ഓപ്പൺ വിഭാഗത്തിൽ ഹർവിന്ദർ സിങ് സ്വർണം സ്വന്തമാക്കിയപ്പോൾ ശീതൾ ദേവി - രാകേഷ് കുമാർ സഖ്യം മിക്സഡ് ടീം കോമ്പൗണ്ട് വിഭാഗത്തിൽ വെങ്കലവും നേടി. കാലുകൊണ്ട് അമ്പ് തൊടുക്കുന്ന ശീതൾ പതിനായിരങ്ങൾക്ക് പ്രചോദനമായി.കൈകൾ ഇല്ലാതെയാണ് ശീതൾ ജനിച്ചത്.
ജാവലിൻ ത്രോയിലെ (എഫ്64) സെൻസേഷൻ സുമിത് ആന്റിലും ഷൂട്ടിംഗ് വിസ്മയം (എയർ റൈഫിൾ എസ്.എച്ച് 1) അവനി ലെഖാരയും സ്വർണം നിലനിറുത്തി പ്രതീക്ഷ കാത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |