തിരുവനന്തപുരം നഗരസഭയുടെ നാല്പത്തിനാല് വാർഡുകളിൽ തുടർച്ചയായി അഞ്ചുദിവസം കുടിവെള്ളം മുടക്കിയ വാട്ടർ അതോറിട്ടി അധികൃതരും മന്ത്രിമാരുമൊക്കെ നഗരവാസികളോട് മാപ്പിരന്നതായി മാദ്ധ്യമങ്ങളിൽ കണ്ടിരുന്നു. എന്നാൽ മാപ്പപേക്ഷകൊണ്ടു മാത്രം പാപ പരിഹാരമാകുന്നില്ല. കേവലം ഒരു പൈപ്പ്‌ലൈനിലെ ഇന്റർ കണക്‌ഷനുമായി ബന്ധപ്പെട്ട് നഗരത്തിൽ പകുതിയിലധികം സ്ഥലങ്ങളിലും യാതൊരു വീണ്ടുവിചാരവുമില്ലാതെ കുടിവെള്ളം കിട്ടാതാക്കിയ ഗുരുതരമായ വീഴ്ചയ്ക്ക് ഉത്തരവാദികളായവരെ തൽസ്ഥാനങ്ങളിൽ നിന്നു മാറ്റി നിറുത്തിയാലേ ഭാവിയിലെങ്കിലും ഇതുപോലുള്ള കന്നംതിരിവ് ആവർത്തിക്കാതിരിക്കുകയുള്ളൂ. വാട്ടർ അതോറിട്ടിയുടെ ചുമതല വഹിക്കുന്ന മന്ത്രിക്കും ഈ മന്ത്രിസഭയ്ക്കു തന്നെയും അതിനുള്ള ആർജ്ജവവും തന്റേടവും ഉണ്ടോ എന്നാണ് നഗരവാസികൾക്ക് അറിയേണ്ടത്.
കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് പല കാരണങ്ങളും പറഞ്ഞ് എത്രയോ ദിവസങ്ങളാണ് വെള്ളം മുടക്കിയത്. വെള്ളം മുടങ്ങുമെന്നതിനാൽ ശേഖരിച്ചു വയ്ക്കണമെന്ന മുന്നറിയിപ്പ് ഇത്തവണയും നൽകിയിരുന്നു എന്നത് ശരിയാണ്. പക്ഷേ, രണ്ടുദിവസംകൊണ്ട് പണി പൂർത്തിയാക്കി ജലവിതരണം പുനഃസ്ഥാപിക്കുമെന്നായിരുന്നു ഉറപ്പ്. രണ്ടല്ല, നാലു ദിവസമെടുത്തിട്ടും പണി തീർന്നില്ലെന്നു മാത്രമല്ല കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച് പൈപ്പ് മാറ്റൽ പ്രക്രിയ നീണ്ടുപോവുകയും ചെയ്തു. കരാറുകാരെ ചുമതലയേല്പിച്ച് വാട്ടർ അതോറിട്ടിക്കാർ തങ്ങളുടെ വഴിക്കു പോയതുകൊണ്ടാകാം പണി ഇത്രയധികം നീണ്ടുപോയത്. പരിചയസമ്പന്നരായ ജോലിക്കാരെ വച്ച് പണി നിശ്ചിത സമയത്തിനകം പൂർത്തിയാക്കുന്നത് ആനക്കാര്യമൊന്നുമല്ല. എന്നാൽ പ്രത്യാഘാതം മുൻകൂട്ടി വിലയിരുത്താതെ നഗരത്തിന്റെ പകുതി ഭാഗങ്ങളിലെയും ജലവിതരണം പാടേ നിറുത്തിവയ്പിക്കും വിധം വാൽവ് അടച്ച് പണി നടത്തിയതിലെ വങ്കത്തരമാണ് നടന്നത്.
തിരുവനന്തപുരം - നാഗർകോവിൽ ഇരട്ടപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ടു പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കലുമായി ബന്ധപ്പെട്ട് നടന്ന പ്രവൃത്തികളാണ് ആസൂത്രണപ്പിഴവുമൂലം തലസ്ഥാന വാസികൾക്ക് വിനയായി മാറിയത്. റെയിൽവേ ലൈനിന് അടിയിലൂടെ പോകുന്ന പൈപ്പ് ലൈനിന്റെ അലൈൻമെന്റ് മാറ്റി പുതുതായി സ്ഥാപിക്കുന്ന പൈപ്പുമായി ബന്ധിപ്പിക്കുന്ന ജോലിക്കു 44 വാർഡുകളിലേക്കുള്ള ജലവിതരണം നിറുത്തിവയ്ക്കേണ്ട ആവശ്യമില്ലായിരുന്നു. പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്നതിന്റെ ചെലവിലേക്കായി റെയിൽവേ പത്തുമാസം മുൻപേ പത്തുകോടി രൂപ വാട്ടർ അതോറിട്ടിക്കു നൽകിയതാണ്. പണം വാങ്ങിയ ശേഷം ഇത്രയും കാലം ഒന്നും ചെയ്യാതിരുന്ന അധികൃതർ ഓണത്തിനു ദിവസങ്ങൾ മാത്രമുള്ളപ്പോൾ നഗരവാസികളെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിക്കുകയാണു ചെയ്തത്.
'ഇപ്പോ ശര്യാക്കിത്തരാം" എന്ന സിനിമാ ഡയലോഗ് ഓർമ്മിപ്പിക്കുന്ന മന്ത്രിമാരുടെ ഉറപ്പു പാഴാകുന്നതാണ് കണ്ടത്. നഗരവാസികൾ ഒരു തുള്ളി വെള്ളത്തിനായി നാടുനീളെ പരക്കം പായുന്നതു കണ്ടിട്ടെങ്കിലും പണിക്കു നേതൃത്വം വഹിച്ച് അതു പൂർത്തിയാക്കുന്നതുവരെ രംഗത്തു തുടരാൻ എന്തുകൊണ്ടാണ് വകുപ്പുമന്ത്രിക്കെങ്കിലും കഴിയാതിരുന്നത്. ഇതുപോലുള്ള സന്ദർഭങ്ങളിൽ തന്റെ മുൻഗാമികൾ വഹിച്ച നേതൃത്വപരമായ പങ്ക് വലപ്പോഴുമെങ്കിലും ഓർമ്മിക്കുന്നത് നന്നായിരിക്കും. ഇന്ത്യയും ചൈനയും റഷ്യയും ചേർന്ന് ചന്ദ്രനിൽ ആണവനിലയം സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്ന വേളയിൽ അഞ്ചാറടി താഴ്ചയിൽ കിടക്കുന്ന ജലവിതരണ പൈപ്പ് ലൈൻ മാറ്റൽ ജോലി അത്രയധികം കുനിഷ്ടു പിടിച്ചതാണെന്ന് പറയാനാകില്ല. ഇത്തരം പ്രവൃത്തികളിൽ വൈദഗ്ദ്ധ്യമുള്ളവരെ നിയോഗിച്ച് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ നിരന്തര മേൽനോട്ടത്തിൽ എളുപ്പം പണി പൂർത്തിയാക്കാവുന്നതേയുള്ളൂ. വെള്ളം മുടക്കുന്ന പ്രവൃത്തിക്ക് ദിവസം നിശ്ചയിച്ചതിലുമുണ്ടായി വലിയ വീഴ്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |