കൊച്ചി: നടിയുടെ പീഡനപരാതിയിൽ എം. മുകേഷ് എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയേക്കില്ല. ഹൈക്കോടതിയിൽ അപ്പീൽ നൽകണമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടാകില്ലെന്നാണ് വിവരം. എസ്.ഐ.ടിയുടെ ശുപാർശ നിലവിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഓഫീസിന്റെ പരിഗണനയിലാണ്.
മുൻകൂർജാമ്യ ഉത്തരവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസിന്റെ വിശദാംശങ്ങളിലേക്ക് കടന്ന് പരാമർശങ്ങൾ നടത്തിയെന്ന് അന്വേഷണസംഘം വിലയിരുത്തിയിരുന്നു. പരാതിക്കാരുടെ മൊഴി പോലും അവിശ്വസനീയമാണെന്ന് ഉത്തരവിൽ പരാമർശമുണ്ട്. ഇത് അന്വേഷണത്തെയും വിചാരണയെയും ബാധിക്കുമെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അപ്പീൽ നൽകുമെന്നായിരുന്നു സർക്കാർ ആദ്യം നൽകിയ സൂചന.
അതേസമയം, മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം നൽകിയതിനെതിരെ പരാതിക്കാരിയായ നടി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ആലുവയിൽ താമസിക്കുന്ന നടിയാണ് ഇവരടക്കം 7 പേർക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |