തൃശൂർ: പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെതിരെയും ഭാര്യ സുപ്രിയ മേനോനെതിരെയും ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. എമ്പുരാൻ വിവാദം കത്തിനിൽക്കേയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും എതിരെ ബി ഗോപാലകൃഷ്‌ണൻ രംഗത്തെത്തിയിരിക്കുന്നത്. സുപ്രിയ മേനോൻ അർബൻ നക്‌സൽ ആണെന്ന് ഗോപാലകൃഷ്‌ണൻ ആരോപിച്ചു. എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് കുറിപ്പ് എഴുതിയ മല്ലിക സുകുമാരൻ ആദ്യം മരുമകളെ നിലയ്ക്ക് നിർത്തണമെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു.
'മല്ലിക സുകുമാരൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞത് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് മേജർ രവി ആലോചിക്കണം എന്നാണ്. മോഹൻലാലിനെ പരോക്ഷമായും മേജർ രവിയെ പ്രത്യക്ഷമായും എതിർക്കുകയാണ് ചെയ്തത്. മല്ലിക സുകുമാരനോട് ബിജെപിക്ക് ഒന്നേ പറയാനുള്ളൂ, വീട്ടിൽ ഒരാളുണ്ടല്ലോ, മരുമകൾ. അവർ അർബൻ നക്‌സലൈറ്റ് ആണ്. മരുമകളെ നിലയ്ക്ക് നിർത്തണം. തരത്തിൽപ്പോയി കളിക്കടാ, എന്റെ ഭർത്താവിനോട് വേണ്ട എന്നാണ് അവർ പോസ്റ്റിട്ടത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിർത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്'- എന്നാണ് ബി ഗോപാലകൃഷ്‌ണൻ ആരോപിച്ചത്.
എമ്പുരാന്റെ റിലീസിന് മുൻപ് പൃഥ്വിരാജിന് പിന്തുണ നൽകി സുപ്രിയ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. '12 മണിക്കൂറിനുള്ളിൽ എമ്പുരാൻ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലെത്തും. വലിയൊരു യാത്രയായിരുന്നു അത്, അതിലൊരു റിംഗ് സൈഡ് വ്യൂ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. എഴുത്ത്, പുനഃരാഖ്യാനം, ചർച്ചകൾ, തയ്യാറെടുപ്പ്, ഷൂട്ട് എന്നിവയിലൂടെ പൃഥ്വിരാജ്, നിങ്ങൾ എണ്ണമറ്റ മണിക്കൂറുകൾ എത്രമാത്രം അധ്വാനിച്ചുവെന്ന് ഞാൻ കണ്ടു. ഇതെല്ലാം സംഭവിച്ചത് നിങ്ങളുടെ കാഴ്ചപ്പാടിന്റെയും നേതൃത്വത്തിന്റെയും പൂർണ്ണമായ വ്യക്തത കൊണ്ടാണ്.
2006ൽ നമ്മൾ കണ്ടുമുട്ടിയതുമുതൽ മലയാള സിനിമയെ ഉയരങ്ങളിൽ എത്തിക്കാനുള്ള സ്വപ്നത്തെക്കുറിച്ച് നിങ്ങൾ എന്നോട് പറഞ്ഞിരുന്നു. ഇപ്പോൾ നമ്മൾ ആ കൊടുമുടിയിലാണ്! നാളെ എന്ത് സംഭവിച്ചാലും (മാർച്ച് 27) ലക്ഷ്യങ്ങളിലേക്ക് നിങ്ങൾ മുന്നേറുമ്പോൾ ഞാൻ എപ്പോഴും നിങ്ങളുടെ പിന്നിലുണ്ടാകും, നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും.
നിങ്ങൾ ഇല്ലുമിനാറ്റി അല്ല, പക്ഷേ എന്റെ അഹങ്കാരി, താന്തോന്നി, തന്റേടി ഭർത്താവാണ്! ആളുകൾ നിങ്ങളെ എത്രമാത്രം പരിഹസിച്ചുവെന്ന് എനിക്കറിയാം. ആ നിന്ദകരോടെല്ലാം എനിക്ക് ഒന്നേ പറയാനുള്ളൂ "ആളറിഞ്ഞ് കളിക്കെടാ"!'- എന്നായിരുന്നു സുപ്രിയ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |