കൊച്ചി: ജില്ലയിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മാസങ്ങളായി ഒരു അജ്ഞാതന്റെ പിന്നാലെയാണ്. ചില്ലറക്കാരനല്ല എം.വി.ഡി തേടുന്നയാൾ. ജില്ലയിൽ ട്രാഫിക് നിയമലംഘനപിഴ ഏറ്റവും അധികം അടയ്ക്കാനുള്ളയാളാണ് കക്ഷി. മൂന്ന് ലക്ഷവും കഴിഞ്ഞു ഫൈൻ ! ഇയാളെ ഏതുവിധേനയും കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് പറയാനുള്ളത് 'ഇനിയെങ്കിലും ഹെൽമറ്റ് ആ തലയിലൊന്ന് വയ്ക്കണം. ബൈക്കിന്റെ രജിട്രേഷനും മറ്റും പുതുക്കണം" എന്നാണ്. 2000 രൂപയാണ് ഹെൽമറ്റ് വയ്ക്കാതെ യാത്രചെയ്യുന്നതിന് പിഴ.
ആവർത്തിച്ചാൽ 5,000. ബൈക്കിന്റെ രജിസ്‌ട്രേഷൻ പുതുക്കാത്തതിനും ഇൻഷ്വറൻസില്ലാത്തതിനും പിഴ വേറെ. ഓരോ തവണയും ക്യാമറയിൽ കുടുങ്ങുമ്പോഴും പിഴയെല്ലാം ആവർത്തിക്കും. ഇതാണ് അജ്ഞാതന്റെ ഫൈൻ ഈ വിധംകൂടാൻ കാരണം. നിയമനടപടി പൂർത്തിയാക്കാതെ വാഹാനംവിറ്റിട്ടുള്ള നിരവധിപ്പേർ സമാനമായി 'വമ്പൻഫൈനിൽ' പെട്ടിട്ടുണ്ടെന്ന് എം.വി.ഡി വൃത്തങ്ങൾ പറയുന്നു. എം പരിവാഹനിലൂടെ നിശ്ചിത തുകയടച്ച് ഓൺലൈനായി വാഹന വില്പന നടപടി പൂർത്തിയാക്കാൻ ഏവരും മുന്നോട്ടുവരണമെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു.
എ.ഐ ക്യാമറ വന്നിട്ടും കാണാമറയത്ത്!
എ.ഐ ക്യാമറകൾ സ്ഥാപിച്ചതിന് പിന്നാലെ നിരന്തരം നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്തി ബോധവത്കരണം നൽകാൻ എം.വി.ഡി തീരുമാനിച്ചിരുന്നു. ഇതിനായി രേഖകൾ ക്രോഡീകരിച്ചപ്പോഴാണ് മദ്ധ്യവയസ്‌കനായ അജ്ഞാതനും പട്ടികയിൽ ഉൾപ്പെട്ടത്. മറ്റുള്ളവരെ കണ്ടെത്തിയെങ്കിലും മദ്ധ്യവയസ്കനിലേക്ക് എത്താനായില്ല. വൈകാതെ ബൈക്ക് ഉടമയെ തപ്പിയെടുത്തു.10 വർഷം മുമ്പ് വിറ്റ ബൈക്ക് ആരുടെ കൈയ്യിലെന്ന് ഇയാൾക്ക് അറിവുണ്ടായിരുന്നില്ല. വാങ്ങിയ ആളിലേക്കും എത്തപ്പെടാനുമായില്ല. ആർ.സി ബുക്കിൽ ഫോൺ നമ്പർ പുതുക്കാത്തതാണ് മറ്റൊരു വെല്ലുവിളി.
ഖജനാവിൽ എത്തി 75 ലക്ഷം
അഞ്ചും പത്തുമല്ല. പോയ മാസം ട്രാഫിക് നിയമലംഘന പിഴയിനത്തിൽ മോട്ടോർ വാഹന വകുപ്പിന് ജില്ലയിൽ നിന്ന് ലഭിച്ചത് 75 ലക്ഷം രൂപ !പ്രതിമാസം 40 ലക്ഷം വരെ മാത്രം ലഭിച്ചിരുന്ന സാഹചര്യത്തിൽ നിന്നാണ് ഉയർച്ച. 25 ശതമാനവും പിഴയും ഓവർലോഡിംഗിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം മാത്രം 3,100 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വാഹനങ്ങളുടെ നിയമലംഘനങ്ങൾ വർദ്ധിച്ചു വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |