തരൂർ: ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായി തോണിപ്പാടം കാരമലയിൽ വിനോദസഞ്ചാരികൾക്കായി പാർക്കും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ നിർമ്മിക്കുന്ന പാർക്ക്, ടിക്കറ്റ് കൗണ്ടർ, ശൗചാലയം എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
തരൂർ പഞ്ചായത്തിലെ ആറ്, 11 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണിത്. ഉയരമുള്ള കുന്നിൽ മുകളിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്. പാറപ്പുറത്ത് വൈകുന്നേരങ്ങളിൽ കാഴ്ചകൾ കാണാനും മറ്റുമായി കുടുംബസമേതം ആളുകളെത്താറുണ്ട്. ആലത്തൂർ, നെന്മാറ, മണ്ണുത്തി, തിരുവില്വാമല പ്രദേശങ്ങൾ ഇവിടെ നിന്ന് കാണാം. കാരമലയിൽ നിന്ന് മലഞ്ചെരുവിലെ പാതയിലൂടെ മാട്ടുമലയിലേക്കുള്ള യാത്രയും ആസ്വദിക്കാം. തരൂർ പഞ്ചായത്തിലെ മലയോര മേഖലയുടെ വികസനത്തിന് പദ്ധതി ഉപകാരപ്പെടും. നിലവിൽ സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾക്കോ ഭക്ഷണത്തിനോ സൗകര്യമില്ല.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുന്നതിനായി വിനോദ സഞ്ചാര വകുപ്പ് തുടക്കമിട്ട പദ്ധതിയാണ് 'ഡെസ്റ്റിനേഷൻ ചലഞ്ച്'.
ആദ്യഘട്ടം ഡിസംബറിൽ
അഞ്ചുകോടി രൂപയുടെ രൂപരേഖയാണ് തയ്യാറാക്കിയത്. പദ്ധതിയുടെ ആദ്യഘട്ടത്തിന് 93.5 ലക്ഷം രൂപയാണ് അനുവദിച്ചത്. പദ്ധതിച്ചെലവ് വിനോദസഞ്ചാര വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് വഹിക്കുക. ജില്ലാ വിനോദസഞ്ചാര പ്രോത്സാഹന വിഭാഗം 50 ലക്ഷവും തരൂർ പഞ്ചായത്ത് 33 ലക്ഷവും ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷവും വീതം അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഓരോ ഘട്ടത്തിലും പരമാവധി 50 ലക്ഷം രൂപ വരെ വിനോദസഞ്ചാര വകുപ്പ് നൽകും. ഡിസംബറിൽ ആദ്യഘട്ടം പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറയുന്നു. ഘട്ടം ഘട്ടമായി പദ്ധതി പൂർത്തിയാകുമ്പോൾ സാഹസിക വിനോദസഞ്ചാര സൗകര്യം, ഉദ്യാനം, കുട്ടികൾക്കുള്ള പാർക്ക്, കളിക്കോപ്പുകൾ എന്നിവ സജ്ജമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |