വിവിധ മോഡൽ ഇ.വികളുടെ വില മൂന്ന് ലക്ഷം രൂപ വരെ കുറയും
കൊച്ചി: ഉത്സവകാലത്തിന് ആവേശം പകരാൻ ടാറ്റ മോട്ടോഴ്സ് ഇലക്ട്രിക് വാഹനങ്ങളുടെ വില മൂന്ന് ലക്ഷം രൂപ വരെ കുറച്ചു. ടാറ്റ ടിയാഗോയുടെ വില 40,000 രൂപ കുറയും. ടാറ്റ പഞ്ചിന് 1.2 ലക്ഷം രൂപയും ടാറ്റ നെക്സോൺ ഇ.വിക്ക് മൂന്ന് ലക്ഷം രൂപയും കുറയുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ വൈദ്യുത വാഹന വിപണിക്ക് ഉണർവ് പകരാനും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഇതോടെ ടാറ്റ ടിയാഗോഇ.വി 7.99 ലക്ഷം രൂപ മുതൽ വിപണിയിൽ ലഭ്യമാകും. പഞ്ച് 9.99 ലക്ഷം രൂപ മുതലും നെക്‌സോൺ 12.49 ലക്ഷം രൂപയ്ക്കും വാങ്ങാൻ കഴിയും. ആറ് മാസത്തേക്ക് ടാറ്റ മോട്ടോഴ്‌സിന്റെ 5,500ൽ അധികം ചാർജിംഗ് സ്റ്റേഷനുകളിൽ ആറ് മാസത്തേക്ക് വണ്ടി സൗജന്യമായി ചാർജ് ചെയ്യാനും സൗകര്യം നൽകും.
ഉത്സവ കാലത്തെ ഓഫറുകളും കണക്കിലെടുത്താൽ പെട്രോൾ, ഡീസൽ വണ്ടികളുടെ വിലയുമായുള്ള അന്തരം വൈദ്യുതി വാഹനങ്ങൾക്ക് ഗണ്യമായി കുറഞ്ഞെന്ന് ടാറ്റ പാസഞ്ചർ ഇലക്‌ട്രിക് ചീഫ് കൊമേർഷ്യൽ ഓഫീസർ വിവേക് ശ്രീവാസ്തവ പറഞ്ഞു.
ഫെസ്‌റ്റിവൽ ഒഫ് കാർസെന്ന പദ്ധതിയിലൂടെ പെട്രോൾ, ഡീസൽ വാഹനങ്ങൾക്കും എസ്.യു.വികൾക്കും രണ്ട് ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു. ടാറ്റ ടിയാഗോ വാഹനങ്ങൾക്ക് 65,000 രൂപയും ടിഗോറിന് 30,000 രൂപയും ഹാരിയറിന് 1.6 ലക്ഷം രൂപയും ഈ പദ്ധതിയിൽ വിലയിളവ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |