കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടത്തിവരുന്ന പ്രതിഷേധം തുടരുമെന്ന് യുവ ഡോക്ടർമാർ. കൊൽക്കത്തയിൽ പ്രതിഷേധിക്കുന്ന യുവ ഡോക്ടർമാർ ഇന്നലെ വൈകിട്ട് അഞ്ചിനകം ജോലിക്ക് കയറണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. സമരം അവസാനിപ്പിക്കണമെന്ന നിർദ്ദശം അംഗീകരിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മുന്നോട്ടുവച്ച
ആവശ്യങ്ങൾ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ലെന്നും അവ നടപ്പാക്കുന്നത് വരെ സമരം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു. സംസ്ഥാന ആരോഗ്യ സെക്രട്ടറിയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറും കൊൽക്കത്ത പൊലീസ് കമ്മിഷണറും രാജി വയ്ക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.ആരോഗ്യ വകുപ്പ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.എത്രയും വേഗം സർക്കാർ തങ്ങളുടെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ജോലി പണയം വച്ചല്ല സമരം നടത്തേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇല്ലെങ്കിൽ നിലപാട് കടുപ്പിക്കും. സർക്കാർ അച്ചടക്കനടപടിയെടുത്താൽ തടയില്ല. ഡോക്‌ടർമാർക്ക് ബംഗാൾ സർക്കാർ സുരക്ഷിത തൊഴിൽ സാഹചര്യമൊരുക്കണമെന്നും നിരീക്ഷിച്ചു.
വാഗ്ദാനം നടത്തിയിട്ടില്ല
അതിനിടെ ഡോക്ടർമാർ ജോലിക്ക് കയറണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് പണം നൽകിയെന്ന ആരോപണങ്ങൾ തള്ളിയ മമത, ഇത് സർക്കാരിനെതിരായ ഗൂഢാലോചനയാണെന്നും പറഞ്ഞു.
കസ്റ്റഡി നീട്ടി
അതിനിടെ, സാമ്പത്തിക ക്രമക്കേട് കേസിൽ ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിന്റെ ജുഡിഷ്യൽ കസ്റ്റഡി സി.ബി.ഐ കോടതി ഈ മാസം 23 വരെ നീട്ടി.
യുവതിക്ക് നേരെ
ലൈംഗികാതിക്രമം
ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ കൊൽക്കത്തയിൽ വീണ്ടും ലൈംഗികാതിക്രമം. കസ്ബ പ്രദേശത്ത് ഓടുന്ന ബസിൽ യുവതിക്ക് നേരെ അതിക്രമം കാട്ടിയ സഹയാത്രികനെ മറ്റുള്ളവർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. യുവതി നിലവിളിച്ചതോടെ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യാത്രക്കാർ പിടിച്ചുനിറുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |