ലണ്ടൻ : ക്യാൻസർ ചികിത്സയിലെ പുരോഗതിയേക്കുറിച്ച് തുറന്നുപറഞ്ഞ് വില്യം രാജകുമാരന്റെ ഭാര്യയും വെയിൽസ് രാജകുമാരിയുമായ കേറ്റ് മിഡിൽടൺ. പ്രിൻസ് ആന്റ് പ്രിൻസസ് ഓഫ് വെയിൽസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ സഹിതം കേറ്റ് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കീമോതെറാപ്പി ചികിത്സ അവസാനിച്ചിരിക്കുന്നു. എത്ര ആശ്വാസമുണ്ടെന്ന് പറഞ്ഞറിയിക്കാനാവില്ല. കഴിഞ്ഞ ഒമ്പതുമാസങ്ങളിൽ കടുപ്പമേറിയ ദിനങ്ങളിലൂടെയാണ് കടന്ന് പോയത്. ജീവിതം ഒരുനിമിഷം കൊണ്ട് മാറിഞ്ഞതായും കേറ്റ് കുറിപ്പിൽ പറയുന്നു.
ക്യാൻസർമുക്തമാകാൻ എന്നെക്കൊണ്ട് എന്തുചെയ്യാനാവും എന്നതിലണ് ഇപ്പോൾ എന്റെ ശ്രദ്ധ. ജോലിയിലേക്കും പൊതുപരിപാടികളിലേക്കും തിരിച്ചുവരാനും ആഗ്രഹിക്കുന്നുണ്ട്. സ്നേഹവും കരുതലും കാണിച്ച എല്ലാരോടും വില്യമും താനും കടപ്പെട്ടിരിക്കുന്നുവെന്നും കാൻസർ യാത്രയിലൂടെ പോകുന്നവർക്കൊപ്പം താനുമുണ്ടെന്നും കേറ്റ് കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ മാർച്ചിലാണ് കേറ്റ് അർബുദസ്ഥിരീകരണ വാർത്ത പുറത്തുവിട്ടത്. അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചുമാണ് നാൽപത്തിരണ്ടുകാരിയായ കേറ്റ് പങ്കുവെച്ചത്.
ജനുവരിയിലാണ് അടിവയറ്റില്‍ ശസ്ത്രക്രിയ നടത്തിയതെന്നും ക്യാൻസർ സ്ഥിരീകരണം തനിക്ക് വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്നും കേറ്റ് പറയുകയുണ്ടായി. ചാൾസ് രാജാവ് അർബുദചികിത്സയിലാണെന്ന് വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കേറ്റിന്റേയും വാർത്ത പുറത്തുവന്നത്.
ജനുവരിയിലാണ് ശസ്ത്രക്രിയ നടന്നത്. അന്ന് നോൺകാൻസറസ് ആണെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ തുടർപരിശോധനകളിലാണ് ക്യാൻസർ കണ്ടെത്തിയതെന്നും ചികിത്സയ്ക്കുശേഷം ഇപ്പോൾ സുഖംപ്രാപിച്ചു വരികയാണെന്നും കരുത്തോടെ തുടരുന്നുവെന്നും കേറ്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |