തിരുവനന്തപുരം: സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി.നേമം സഹകരണ ബാങ്കിനെതിരെയാണ് നിക്ഷേപകർ രംഗത്തെത്തിയത്. ക്ഷേമപെൻഷനുകൾ ഉൾപ്പെടെ വെട്ടിച്ചെന്ന് ആരോപിച്ച് നിക്ഷേപകർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
എട്ടുമാസം മുമ്പ് വിവാഹാവശ്യങ്ങൾക്കും മറ്റ് അത്യാവശ്യ ചെലവുകൾക്കുമായി പണം പിൻവലിക്കാനെത്തിയപ്പോഴാണ് നിക്ഷേപകരോട് അവധി പറയാൻ തുടങ്ങിയത്.ഒടുവിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച അത്യാവശ്യക്കാർക്ക് പണം നൽകാമെന്ന് ബാങ്ക് അധികൃതർ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ലോൺ പിരിഞ്ഞ് കിട്ടാനുണ്ടെന്നും സാവകാശം വേണമെന്നുമുള്ള പതിവ് മറുപടി കേട്ടതോടെ നിക്ഷേപകർ ജീവനക്കാരുമായി വാക്കേറ്റത്തിലായി.
മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും ഉത്തരവാദിത്വപ്പെട്ടവർ എത്തിയില്ലെന്നും പരാതിയുണ്ട്. പണം പിൻവലിക്കാനെത്തിയവർ സംഘടിച്ച് പൊലീസിനും സഹകരണ വകുപ്പ് അധികൃതർക്കും പരാതി നൽകാൻ തീരുമാനിച്ചു. സഹകരണ നിയമപ്രകാരം 8.5ശതമാനം പലിശയ്ക്ക് പകരം 10.5ശതമാനം പലിശയായിരുന്നു ഇവിടെ നൽകിയിരുന്നത്. ഇതോടെ കൂടുതൽ നിക്ഷേപകരെയും ആകർഷിക്കാനായി. ഇടത് സംഘടനകളുടെ നിയന്ത്രണത്തിൽ വെള്ളായണി ജംഗ്ഷനിലാണ് നേമം സർവീസ് സഹകരണ ബാങ്ക് പ്രവർത്തിക്കുന്നത്. പ്രസിഡന്റായിരുന്ന എ.എസ്.സുനിൽകുമാർ ഒരു വർഷം മുൻപ് നിക്ഷേപിച്ചിരുന്ന 1.4 കോടി രൂപ പിൻവലിച്ച്, പിന്നാലെ സ്ഥാനം ഒഴിഞ്ഞു. ബി.എസ്.എൻ.എൽ റിട്ട.ഉദ്യോഗസ്ഥനായ പ്രഭാകരൻ നായരാണ് ഇപ്പോഴത്തെ പ്രസിഡന്റ്.
പണം പോയ വഴികൾ
1,നിക്ഷേപകരുടെ പണം വകമാറ്റി റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് ചെലവഴിച്ചു
2,തുച്ഛമായ ഭൂമിയുള്ളവർക്കും രാഷ്ട്രീയ സ്വാധീനത്തിൽ ജാമ്യവ്യവസ്ഥകൾ പാലിക്കാതെ വായ്പ നൽകി
3,കമ്പ്യൂട്ടർ ഉപയോഗിക്കാതെ എഴുത്ത് രീതിയിലുള്ള സംവിധാനം മാത്രം
4,വാടകക്കെട്ടിടത്തിൽ നിന്ന് അടുത്തിടെ കോടികൾ ചെലവിട്ട് നാലുനില കെട്ടിടം പണിതു
8 കോടിവരെ നിക്ഷേപം
നൂറുകണക്കിന് ആളുകളാണ് പണത്തിനായി നെട്ടോട്ടമോടുന്നത്. 8 കോടി രൂപ വരെ നിക്ഷേപിച്ചവരുണ്ട്. പ്രാവച്ചമ്പലം സ്വദേശിയായ ടെക്സ്റ്റൈയിൽ വ്യവസായി റെയിൽവേ വികസനത്തെ തുടർന്ന് തന്റെ വീടും സ്ഥലവും ഏറ്റെടുത്തപ്പോൾ ലഭിച്ച രണ്ടര കോടി രൂപയാണ് നിക്ഷേപിച്ചത്.സി.പി.എമ്മുകാരുടെയും,കർഷകസംഘടനാ നേതാക്കളുടെയും പണം ഇക്കൂട്ടത്തിലുണ്ട്.എസ്.എൻ.ഡി.പി,എൻ.എസ്.എസ് തുടങ്ങിയ സാമുദായിക സംഘടനകളുടെയും സമീപത്തെ ക്ഷേത്രത്തിന്റെയും നിക്ഷേപങ്ങളുമുണ്ട്. വീടുപണി, മക്കളുടെ പഠനം,വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി കൂലിപ്പണി ചെയ്ത് മിച്ചം പിടിച്ചവരും വിരമിച്ച ആനുകൂല്യങ്ങൾ നിക്ഷേപിച്ച സാധാരണക്കാരും പ്രതിസന്ധിയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |