തിരുവനന്തപുരം: മലപ്പുറം പൊലീസിലെ വൻ അഴിച്ചുപണിക്ക് പിന്നാലെ അവധി അപേക്ഷ പിൻവലിച്ച് എഡിജിപി എം ആർ അജിത് കുമാർ. സ്വകാര്യ ആവശ്യത്തിനായി കുറച്ചുനാൾ മുൻപ് നൽകിയ അപേക്ഷയിൽ കഴിഞ്ഞദിവസം ആഭ്യന്തര വകുപ്പ് അവധി അനുമതി നൽകിയിരുന്നു. സെപ്തംബർ 14 മുതൽ 17വരെ നാല് ദിവസത്തേക്കാണ് അവധി നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ അവധി പിൻവലിക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്.
കുടുംബവുമായി ചെന്നൈയിലേയ്ക്ക് പോകാനായിരുന്നു അജിത് കുമാർ അവധി അപേക്ഷ നൽകിയത്. അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവ് നശിപ്പിക്കാനാണെന്നും മറ്റ് ചിലരെ കാണാനാണെന്നും പി വി അൻവർ എം എൽ എ ആരോപണം ഉന്നയിച്ചിരുന്നു. മലപ്പുറം എസ് പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇന്നലെയാണ് സ്ഥലം മാറ്റിയത്. മലപ്പുറത്തെ കൂട്ട നടപടിയിൽ എഡിജിപിക്ക് മാറ്റമില്ലെന്ന് സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് അജിത് കുമാർ അവധി അപേക്ഷ പിൻവലിച്ചതെന്നും സൂചനയുണ്ട്.
സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ, കൂട്ടബലാത്സംഗം അടക്കം ആരോപണങ്ങൾ നേരിടുന്ന മലപ്പുറം പൊലീസിൽ വൻ അഴിച്ചുപണി നടന്നത്. ആരോപണ വിധേയരായ പൊലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റണമെന്ന് പി വി അൻവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇന്ന് എൽഡിഎഫ് യോഗം ചേരാനിരിക്കെയാണ് നടപടി.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരനെ വിജിലൻസ് എറണാകുളം റേഞ്ചിലേക്ക് മാറ്റി. പകരം പൊലീസ് ആസ്ഥാനത്തെ എഐജി-1 ആർ വിശ്വനാഥിനെ ജില്ലാ പൊലീസ് മേധാവിയാക്കി. എസ് പിയായിരുന്ന സുജിത്ത്ദാസിനെ ആരോപണങ്ങളെത്തുടർന്ന് പത്തനംതിട്ടയിലേക്ക് മാറ്റിയിരുന്നു.
മലപ്പുറത്തെ ക്രൈംബ്രാഞ്ച് എസ് പി വിക്രമിനെ എക്സൈസിലേക്ക് മാറ്റി. എക്സൈസിലെ വിജിലൻസ് ഓഫീസർ കെ വി സന്തോഷിനെ മലപ്പുറം ക്രൈംബ്രാഞ്ച് എസ് പിയാക്കി. മലപ്പുറത്തെ 8 ഡെപ്യൂട്ടി സൂപ്രണ്ടുമാരെയും സ്ഥലംമാറ്റി. മുട്ടിൽ മരംമുറിക്കേസ് അന്വേഷിക്കുന്ന താനൂർ ഡിവൈ.എസ് പി വി വി ബെന്നിയെയും മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |