ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും നരഭോജി ചെന്നായ്‌ക്കളുടെ ആക്രമണം. ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ ആക്രമണം വ്യാപകമാവുകയാണ്. ഇന്നലെ രാത്രി 11 വയസുകാരിയെ ചെന്നായ ആക്രമിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. രണ്ട് മാസത്തിനിടെ എട്ട് കുട്ടികൾ അടക്കം ഒമ്പത് പേരെയാണ് ചെന്നായ കൊന്നത്. വീടിനുള്ളിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞും ഇതിൽപ്പെടുന്നു. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. ഭാഗികമായി ഭക്ഷിച്ച നിലയിലാണ് ചില മൃതദേഹങ്ങൾ കണ്ടെത്തിയത്.
ചെന്നായ്ക്കളുടെ ആക്രമണം കടുത്തതോടെ മേഖലയിൽ വലിയ പ്രതിഷേധം നടക്കുകയാണ്. നരഭോജി ചെന്നായ്‌ക്കളെ പിടികൂടാൻ ഓപ്പറേഷൻ ഭേഡിയ എന്ന പേരിൽ വനംവകുപ്പും ജില്ലാ ഭരണകൂടവും പൊലീസും ചേർന്ന് സംയുക്തമായി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. രാത്രി പട്രോളിംഗ് അടക്കം നടത്തുന്നുണ്ട്. ഇതിനിടെ അഞ്ച് നരഭോജി ചെന്നായ്ക്കളെ പിടികൂടുകയും ചെയ്തു. ചെന്നായ ആക്രമണം രൂക്ഷമായതോടെ ജില്ലയിലെ മുപ്പതോളം ഗ്രാമങ്ങൾ നിശ്ചലമായ അവസ്ഥയിലാണ്. നാട്ടുകാർ ജോലിക്കോ കുട്ടികൾ സ്‌കൂളിലോ പോകുന്നില്ല. ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും ജാഗ്രത പാലിക്കാനുമാണ് നിർദ്ദേശം.
പ്രതികാരമോ
മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്‌തമായി പ്രതികാരം ചെയ്യാനുള്ള പ്രവണത ചെന്നായ്ക്കൾക്ക് കൂടുതലാണെന്നാണ് പറയപ്പെടുന്നത്. ഏതെങ്കിലും തരത്തിലെ പ്രതികാരമാണോ ഇപ്പോഴത്തെ ആക്രമണങ്ങൾക്ക് പിന്നിലെന്ന് ചില വനംവകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നു. 1996ൽ പ്രതാപ്ഗഡിലും സമീപ ജില്ലകളായ സുൽത്താൻപൂർ, ജൗൻപൂർ എന്നിവിടങ്ങളിലുമായും 60ലധികം കുട്ടികളെ ചെന്നായ്‌ക്കൾ കൊന്നിരുന്നു. ചില കുട്ടികൾ മേഖലയിൽ രണ്ട് ചെന്നായക്കുട്ടികളെ കൊന്നതിന് പിന്നാലെയായിരുന്നു ഇത്.
ചെന്നായ്ക്കളെ പിടികൂടാൻ പ്രത്യേക ദൗത്യം തുടങ്ങിയെങ്കിലും ആക്രമണങ്ങൾക്ക് കുറവില്ല. തെരച്ചിലിന് ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. ചെന്നായ്‌ക്കൾ തുടർച്ചയായി വാസസ്ഥലം മാറുന്നതാണ് പ്രധാന വെല്ലുവിളി. ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ചെന്നായ്‌ക്കൾ വ്യത്യസ്‌തരാണ്. വേഗതയും ബുദ്ധിയുള്ളവരുമാണ്. അവരുടെ രീതി പഠിച്ചുവേണം പരിഹാരം കണ്ടെത്താനെന്ന് മുൻ വനംവകുപ്പ് ഉദ്യോഗസ്ഥനും 1996ലെ ദൗത്യത്തിലെ അംഗവുമായ വി.കെ സിംഗ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |