കൊച്ചി: രാസലഹരി വേട്ടയ്‌ക്കിറങ്ങിയ എക്സൈസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിക്കാൻ സിന്തറ്റിക് കഞ്ചാവ് ഇറക്കി ലഹരിമാഫിയ. 0.5 ഗ്രാം എം.ഡി.എം.എ കൈവശംവച്ചാൽ ജയിലിൽ പോകുമെങ്കിലും അതേ വീര്യമുള്ള സിന്തറ്റിക്ക് കഞ്ചാവ് ഒരു കിലോയിൽ താഴെ സൂക്ഷിച്ചാൽ പോലും ജാമ്യംകിട്ടുമെന്നതാണ് മാറ്റത്തിനു പ്രേരണ.
ജൂലായിൽ കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സിന്തറ്റിക് കഞ്ചാവ് പിടികൂടിയതോടെയാണ് ഇക്കാര്യം എക്സൈസിന്റെ ശ്രദ്ധയിലെത്തിയത്. തുടരന്വേഷണത്തിൽ കൊച്ചിയിലും മറ്റു നഗരങ്ങളിലും ഇതിന്റെ വില്പന വ്യാപകമാണെന്ന് കണ്ടെത്തി. തായ്ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക് കഞ്ചാവ് എത്തുന്നതെന്ന് എക്സൈസ് പറയുന്നു.
ഒരു ഗ്രാമിന് 4,000 മുതൽ 6,000 രൂപ വരെ ഈടാക്കിയാണ് വില്പന. സമ്പന്നരെ ലക്ഷ്യമിട്ടാണ് ഇടപാടെങ്കിലും യുവാക്കളും ആകൃഷ്ടരായിട്ടുണ്ടെന്ന് എക്സൈസ് വൃത്തങ്ങൾ പറയുന്നു. കൊച്ചിയിൽ കഞ്ചാവ് കേസുകൾ വർദ്ധിച്ചത് ഇതിന്റെ സൂചനയാണ്. ആറു മാസത്തിനിടെ 209 കിലോ കഞ്ചാവ് കൊച്ചിയിൽ എക്സൈസ് പിടികൂടി. ഒരാളിൽ നിന്ന് 70 കിലോ പിടിച്ചതും ഇതിലുൾപ്പെടും.
സിന്തറ്റിക് കഞ്ചാവ്
വീര്യംകൂടിയ രാസലഹരി ലായനിയിൽ മാസങ്ങളോളം ഇട്ടുവച്ച കഞ്ചാവ് പുറത്തെടുത്ത് ഉണക്കി ചെറിയ ഉരുളകളായാണ് വില്പന. വിമാനത്താവളങ്ങളിലും പോർട്ടുകളിലും പരിശോധന ശക്തമായതിനാൽ വൻതോതിൽ കടത്ത് നടന്നിട്ടില്ലെന്നാണ് എക്സൈസ് കണക്കുകൂട്ടൽ.
കൊച്ചിയിലെ കഞ്ചാവ് കേസുകൾ
മാസം - അളവ് (കി. ഗ്രാം)
ജനുവരി -10
ഫെബ്രുവരി - 22
മാർച്ച് - 50
ഏപ്രിൽ -23
മേയ് - 51
ജൂൺ- 53
കൊച്ചിയിൽ 6 മാസത്തിനിടെ
പിടികൂടിയ മയക്കുമരുന്ന്
എം.ഡി.എം.എ -231.2 ഗ്രാം
കഞ്ചാവ് -209 കി.ഗ്രാം
കഞ്ചാവ് ചെടി - 28 എണ്ണം
ഹാഷിഷ് - 82.6 ഗ്രാം
ബ്രൗൺഷുഗർ - 9 ഗ്രാം
ഹെറോയിൻ -276 ഗ്രാം
നൈട്രാസെപാം ഗുളിക - 76എണ്ണം
ചരസ് - 13.9 ഗ്രാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |