മരട്: മരട് നഗരസഭ - കുമ്പളം പഞ്ചായത്ത് അതിർത്തി തർക്കത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ കളക്ടർക്ക് കത്ത് നൽകി. തർക്കം രമ്യമായി പരിഹരിക്കണമെന്നാണ് ആവശ്യം.
2019 - ൽ നഗരസഭ നൽകിയ ബിൽഡിംഗ് പെർമിറ്റ് അഞ്ചുവർഷം കാലാവധി കഴിഞ്ഞതിനെ തുടർന്ന് പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തിന്റെ ഉടമ നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. നഗരസഭ ബിൽഡിംഗ് പെർമിറ്റ് പുതുക്കി നൽകുകയും ഉടമ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാൽ തർക്കസ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ നഗരസഭ ചെയർമാന് പരാതി നൽകി. ഇതിനുമുമ്പ് നഗരസഭ പ്രദേശത്ത് നഗരസഭയുടെ ബോർഡ് സ്ഥാപിച്ചപ്പോഴും തർക്കമുണ്ടായിരുന്നു. ഈ പ്രദേശങ്ങളെല്ലാം മരട് വില്ലേജിൽ ഉൾപ്പെട്ടതാണെന്നും ഇവിടെയുള്ളവർ കെട്ടിടനികുതി അടയ്ക്കുന്നത് മരട് നഗരസഭയിലാണെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കിയിരുന്നു.
ഇത്തരത്തിലുള്ള തർക്കങ്ങൾ പ്രദേശവാസികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |