കൊച്ചി: സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ശക്തമായതോടെ ആഗസ്‌റ്റിൽ മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 42 ശതമാനം ഇടിവോടെ 1.08 ലക്ഷം കോടി രൂപയിലെത്തി. ജൂലായിൽ 1.89 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകളിൽ ലഭിച്ചത്. കടപ്പത്ര അധിഷ്‌ഠിതമായ മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കിലാണ് കഴിഞ്ഞ മാസം വലിയ ഇടിവുണ്ടായത്. ഇക്കാലയളവിൽ കടപ്പത്ര അധിഷ്‌ഠിത മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം 62 ശതമാനം ഇടിഞ്ഞ് 45,169 കോടി രൂപയായി. ജൂലായിൽ കടപ്പത്ര ഫണ്ടുകളിൽ 1.19 ലക്ഷം കോടി രൂപയുടെ നിക്ഷേപം എത്തിയിരുന്നു.
അതേസമയം, ഓഹരി അധിഷ്‌ഠിത മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം മൂന്ന് ശതമാനം വർദ്ധനയോടെ 38,239 കോടി രൂപയായി. ആഗസ്‌റ്റിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ 37,113 കോടി രൂപയായിരുന്നു. സെക്ട്രൽ, തീമാറ്റിക് ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് ഒരു ശതമാനം കുറഞ്ഞ് 18,117 കോടി രൂപയിലെത്തി.
സൂചിക അധിഷ്‌ഠിത ഫണ്ടുകളിലും എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും(ഇ.ടി.എഫ്) എന്നിവയിലേക്കുള്ള പണമൊഴുക്കിലും നേരിയ കുറവുണ്ടായി. ഈ വിഭാഗത്തിൽ 14,599 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. ഗോൾഡ് ഇ.ടി.എഫുകളിൽ 1,611 കോടി രൂപയാണ് നിക്ഷേപമായെത്തിയത്.
എസ്.ഐ.പി നിക്ഷേപങ്ങൾ പുതിയ ഉയരങ്ങളിലേക്ക്
സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ് പ്ളാനുകളിലേക്കുള്ള (എസ്.ഐ.പി) നിക്ഷേപം റെക്കാഡുകൾ കീഴടക്കി കുതിക്കുകയാണ്. ആഗസ്റ്റിൽ 23,547 കോടി രൂപയുടെ നിക്ഷേപമാണ് എസ്.ഐ.പികളിലൂടെ വിപണിയിലെത്തിയത്. ജൂലായിൽ എസ്.ഐ.പി നിക്ഷേപം 23,332 കോടി രൂപയായിരുന്നു. തുടർച്ചയായി രണ്ടാമത്തെ മാസമാണ് എസ്.ഐ.പികളിലെ നിക്ഷേപം റെക്കാഡുകൾ പുതുക്കി കുതിക്കുന്നത്. മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി മൂന്ന് ശതമാനം ഉയർന്ന് 66.45 ലക്ഷം കോടി രൂപയിലെത്തി. ജൂലായിലിത് 64.69 ലക്ഷം കോടി രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |