കൊയിലാണ്ടി: നഗരസഭയുടെ മണക്കുളങ്ങര മിനി സ്റ്റേഡിയത്തിന് ഒടുവിൽ ശാപമോക്ഷം. സ്റ്റേഡിയത്തിന്റെ നവീകരണത്തിന് നഗരസഭ എട്ടരലക്ഷം രൂപയാണ് അനുവദിച്ചത്. ദീർഘകാലമായി സ്റ്റേഡിയത്തിലെ സ്റ്റേജ് പൊട്ടിപൊളിഞ്ഞു കിടക്കുകയായിരുന്നു. ടോയ്ലറ്റുകൾ ചുമരിലൊതുങ്ങി. കുറ്റിച്ചെടികളും പുല്ലും നിറഞ്ഞ സ്റ്റേഡിയം സാമൂഹ്യ വിരുദ്ധരുടെ താവളമായി കിടക്കുകയായിരുന്നു. യാതൊരു പ്രാഥമിക സൗകര്യവുമില്ലാത്ത സ്റ്റേഡിയത്തിൽ നഗരസഭ കേരളോത്സവം പരിപാടിയുടെ ഭാഗമായി കായിക മത്സരം നടത്തിയത് വലിയ ആക്ഷേപത്തിന് വഴിയൊരുക്കിയിരുന്നു. നവീകരണ ത്തിന്റെ ഭാഗമായി പവലിയൻ ടൈൽസ് ഒട്ടിച്ച് സൗകര്യപ്പെടുത്തുമെന്ന് വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ പറഞ്ഞു. കായിക പരിപാടികൾക്ക് പുറമെ കലാപരിപാടികളും നടത്താൻ കഴിയുംവിധമാണ് സ്റ്റേജ് പുനർ നിർമ്മിക്കുന്നത്. പണിപൂർത്തിയാവുന്നതോടെ കായിക താരങ്ങൾക്കും കലാകാരന്മാർക്കും സൗകര്യപ്രഥമായ ഇടമാകും മിനി സ്റ്റേഡിയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |