ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ അർജന്റീനയ്ക്കും ബ്രസീലിനും തോൽവി
കൊളംബിയ അർജന്റീനയെ തോൽപ്പിച്ചത് 2-1ന്
ബ്രസീലിനെ പരാഗ്വേ കീഴടക്കിയത് 1-0ത്തിന്
കോപ്പ ഫൈനൽ തോൽവിക്ക് കൊളംബിയയുടെ പ്രതികാരം
യോഗ്യതാറൗണ്ടിലെ ബ്രസീലിന്റെ നാലാം തോൽവി
ബാരൻക്വില ( കൊളംബിയ) : ലോകകപ്പ് ഫുട്ബാളിന്റെ തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ നിലവിലെ ലോകകപ്പ്, കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയ്ക്കും മുൻ ലോകകപ്പ് ചാമ്പ്യന്മാരായ ബ്രസീലിനും തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ അർജന്റീനയെ കൊളംബിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും ബ്രസീലിനെ പരാഗ്വേ ഏകപക്ഷീയമായ ഒരു ഗോളിനുമാണ് കീഴടക്കിയത്. ജൂലായ്‌യിൽ നടന്ന കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ തങ്ങളെ തോൽപ്പിച്ചിരുന്ന അർജന്റീനയോട് തങ്ങളുടെ നാട്ടിൽ വച്ച് നടന്ന മത്സരത്തിൽ പകരം വീട്ടുകയായിരുന്നു കൊളംബിയ. മെസിയെക്കൂടാതെ കളത്തിലിറങ്ങിയ അർജന്റീനയ്ക്കെതിരെ ഇരുപകുതികളിലുമായി ഓരോ ഗോളാണ് കൊളംബിയ നേടിയത്. 25-ാം മിനിട്ടിൽ യെർസൺ മൊസ്ക്വേരയിലൂടെ കൊളംബിയയാണ് ആദ്യം മുന്നിലെത്തിയത്. 48-ാം മിനിട്ടിൽ നിക്കോളാസ് ഗോൺസാലസിലൂടെ അർജന്റീന സമനില പിടിച്ചെങ്കിലും 60-ാം മിനിട്ടിൽ നായകൻ ഹാമിസ് റോഡ്രിഗസ് എടുത്ത പെനാൽറ്റി കിക്കിലൂടെ കൊളംബിയ വിജയം കണ്ടു.
പരാഗ്വേയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 20-ാം മിനിട്ടിൽ ഡീഗോ ഗോമസ് നേടിയ ഗോളിനാണ് ബ്രസീൽ തോൽവി വഴങ്ങിയത്. യോഗ്യതാറൗണ്ടിലെ കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ ബ്രസീലിന്റെ നാലാം തോൽവിയാണിത്. എട്ടു മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ബ്രസീലിന് ജയിക്കാനായത്. ഒരെണ്ണം സമനിലയിലായപ്പോൾ നാലുകളികൾ തോറ്റു.
അർജന്റീന
ഒന്നാമത്
കൊളംബിയയോട് തോൽവി വഴങ്ങിയെങ്കിലും മേഖലാ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന. എട്ടുമത്സരങ്ങളിൽ ആറുവിജയം നേടിയ അർജന്റീനയ്ക്ക് 18 പോയിന്റുണ്ട്. നാലുവിജയങ്ങളും നാല് തോൽവികളുമായി 16 പോയിന്റുള്ള കൊളംബിയയാണ് രണ്ടാമത്. ഉറുഗ്വേ (15), ഇക്വഡോർ (11) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. മൂന്ന് ജയവും ഒരു സമനിലയും നാലു തോൽവി കളുമായി 10 പോയിന്റുള്ള ബ്രസീൽ അഞ്ചാം സ്ഥാനത്താണ്. ഒരു ടീമിന് 18 മത്സരങ്ങളാണ് തെക്കേ അമേരിക്കൻ മേഖലയിലെ യോഗ്യതാ റൗണ്ടിലുള്ളത്. പോയിന്റ് പട്ടികയിൽ മുന്നിലുള്ള ആറു ടീമുകൾക്ക് നേരിട്ട് ലോകകപ്പിലേക്ക് പ്രവേശനം ലഭിക്കും.
2
യോഗ്യതാ റൗണ്ടിലെ എട്ടുമത്സരങ്ങളിൽ അർജന്റീനയുടെ രണ്ടാം തോൽവിയാണിത്.
4
യോഗ്യതാ റൗണ്ടിലെ എട്ടുമത്സരങ്ങളിൽ ബ്രസീലിന്റെ നാലാം തോൽവി.
12
തുടർച്ചയായ 12 മത്സരങ്ങൾ വിജയിച്ചുവന്ന അർജന്റീനയുടെ കുതിപ്പിനാണ് കൊളംബിയ തടയിട്ടത്.
ഗോളുകൾ ഇങ്ങനെ
1-0
25-ാം മിനിട്ട്
യെർസൺ മൊസ്ക്വേര
കൊളംബിയൻ നായകൻ ഹാമിഷ് റോഡ്രിഗസ് കൃത്യതയോടെ നൽകിയ ഒരു ക്രോസിന് തലവെച്ച് മൊസ്‌ക്വേര വലകുലുക്കി.
1-1
48-ാം മിനിട്ട്
നിക്കോളാസ് ഗോൺസാൽവസ്
കൊളംബിയൻ പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് റാഞ്ചിയെടുത്ത പന്തുമായി മുന്നേറിയ നിക്കോളാസ് ഗോൺസാലസ് കൊളംബിയൻ ഗോളിയുടെ കാലുകൾക്കിടയിലൂടെ പന്ത് വലയിലാക്കി.
2-1
60-ാം മിനിട്ട്
ഹാമിഷ് റോഡ്രിഗസ്
കൊളംബിയൻ ഡിഫൻഡർ ഡാനിയൻ മുനോസിനെ നിക്കോളാസ് ഒട്ടാമെൻഡി ബോക്‌സിൽ വീഴ്ത്തിയപ്പോൾ വാർ പരിശോധിച്ച് റഫറി അനുവദിച്ച പെനാൽറ്റി കിക്ക് റോഡ്രിഗസ് കിടിലനൊരു ഷോട്ടിലൂടെ എമി മാർട്ടിനെസിന് യാതൊരു അവസരവും നൽകാതെ വലയിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |