കായംകുളം : വിവാഹ തട്ടിപ്പും ആൾമാറാട്ടവും നടത്തിയതിന് ഹരിപ്പാട് ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നര വർഷത്തോളം ശിക്ഷിച്ചതിന് ശേഷം 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. മുതുകുളം തെക്ക് കൊല്ലംമുറിതറയിൽ വീട്ടിൽ കോശി ജോൺ എന്ന സാജനെ (57) നെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
1995 ലും1998 ലുമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് കോടതി രണ്ടു കേസുകളിലും ശിക്ഷിച്ചു. എന്നാൽ ജാമ്യം നേടി ഒളിവിൽപ്പോയ സാജൻ എവിടെയാണെന്ന് ആർക്കും അറിവില്ലായിരുന്നു. ഇതിനിടയിൽ ഇയാൾ മരിച്ചുപോയതായും നാട്ടുകാർ ചിലർ പ്രചരിപ്പിച്ചു. നേരത്തെ നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന സാജൻ ആ ജോലി ഉപേക്ഷിച്ചിരുന്നു. ദീർഘനാളായി കിട്ടാതിരിക്കുന്ന പ്രതികളെ പിടികൂടാനുള്ള ആലപ്പുഴ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ നായരുടെ നിർദേശത്തിലാണ് കായംകുളം ഡിവൈ,എസ്.പി ബാബുക്കുട്ടൻ അന്വേഷണസംഘം രൂപീകരിച്ചത്. കനകക്കുന്ന് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ട്രെയിൻയാത്രയ്ക്കിടെ പ്രതിയെ പിടികൂടുകയായിരുന്നു.
വിവിധ ഭാഷകൾ സംസാരിക്കാനറിയുന്ന ഇയാൾ വടക്കേഇന്ത്യയിലും കേരളത്തിലുമായി വിവിധസ്ഥലങ്ങളിൽ താമസിച്ചുവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചേർത്തല പൊലീസ് സ്റ്റേഷനിലും ഒരു സ്ത്രീയുടെ പരാതിയിന്മേൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. എസ് ഐ, ധർമരത്നം,എ.എസ്.ഐ സുരേഷ് കുമാർ, സിവിൽ പൊലിസ് ഓഫീസർമാരായ ഗിരീഷ്,അനിൽകുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |