തിരുവനന്തപുരം: പുതിയ ലേബർ കമ്മിഷണറായി സഫ്ന നസറുദ്ദീൻ ചുമതലയേറ്റു. അർജുൻ പാണ്ഡ്യൻ തൃശ്ശൂർ ജില്ലാ കലക്ടറായി സ്ഥലം മാറിപ്പോയ ഒഴിവിലാണ് നിയമനം. 2020 ബാച്ച് കേരള കേഡർ ഐ എ സ് ഉദ്യോഗസ്ഥയാണ്.
മലപ്പുറം അസിസ്റ്റന്റ് കളക്ടർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച സഫ്ന നസറുദ്ദീൻ കോട്ടയം, തിരുവല്ല സബ് കളക്ടളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്. തിരുവല്ല സബ് കളക്ടർ ആയിരിക്കെയാണ് പുതിയ നിയമനം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും 2018ൽ എക്കണോമിക്സിൽ ഒന്നാം റാങ്കോടെ ബിരുദം കരസ്ഥമാക്കിയ സഫ്ന നസറുദ്ദീൻ 2020ൽ ആദ്യ ശ്രമത്തിൽ തന്നെ മികച്ച റാങ്കോടെ സിവിൽ സർവീസും സ്വന്തമാക്കി.
തിരുവനന്തപുരം പേയാട് സ്വദേശിയാണ്. പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് റിട്ട. എസ് ഐ ഹാജ നസറുദ്ദീന്റെയും എംപ്ലോയ്മെന്റ് വകുപ്പിൽ ടൈപ്പിസ്റ്റായ എ എൻ റംലയുടെയും മകളാണ്. 2020 ബാച്ച് യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും ബാര ബങ്കി ചീഫ് ഡെവലപ്മെന്റ് ഓഫീസറുമായ എ സുതനാണ് ഭർത്താവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |