കോട്ടയം: കീശ അൽപ്പം മുറുക്കിയാൽ സാധാരണക്കാർക്കും ഇത്തവണ സമൃദ്ധമായ ഓണം ഉണ്ണാം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ ഓണക്കാലത്ത് പച്ചക്കറിവില കണക്കൂകൂട്ടിയപോലെ അത്രകണ്ട് ഉയർന്നിട്ടില്ല. എന്നാൽ കിഴങ്ങുവർഗങ്ങൾക്കെല്ലാം ഇത്തവണ ഉയർന്ന വിലയാണ്. പച്ചക്കറികളിൽ ബീൻസിനും കാരറ്റിനും വില ഉയർന്നുനിൽക്കുകയാണ്. എന്നാൽ മറ്റിനങ്ങൾക്ക് അൽപ്പം കുറവുണ്ട്. കറിക്കായ, വെള്ളരി, പച്ചതക്കാളി, മത്തൻ, തടിയൻ, ചുരയ്ക്ക, ചീര എന്നിവയാണ് ഏറ്റവും വിലക്കുറവുള്ള ഇനങ്ങൾ. രണ്ടാഴ്ച മുമ്പ് 35 രൂപയിലേക്ക് താഴ്ന്ന ബീൻസ് ഇപ്പോൾ 80 മുതൽ 100 രൂപയ്ക്കു വരെയാണ് വിൽക്കുന്നത്. കാരറ്റ് വില 90, 100 നിരക്കിലും. ബീറ്റ്‌റൂട്ട്, കാബേജ്, മുരിങ്ങയ്ക്ക, വെണ്ടയ്ക്ക, പടവലം, വഴുതന, കത്രിക്ക, സവാള, പീച്ചിങ്ങ, റാഡിഷ്, നെല്ലിക്ക,കുക്കുംബർ എന്നിവയ്ക്കും കറിവേപ്പിലയ്ക്കും കോട്ടയം മാർക്കറ്റിൽ ഇന്നലെ 60 രൂപയായിരുന്നു വില.
ചേനയ്ക്ക് എത്ര 100!
കിഴങ്ങു വർഗങ്ങൾക്കെല്ലാം വില ഉയർന്നുനിന്നത് സാധാരണക്കാർക്ക് തിരിച്ചടിയായി. 90-100 രൂപ നിരക്കിലാണ് ഇന്നലെ വ്യാപാരസ്ഥാപനങ്ങളിൽ ചേനയുടെ വില്പന നടന്നത്.
കിഴങ്ങ് : 60,
ചേന : 100
ചേമ്പ് :100
കൂർക്ക :110
കാച്ചിൽ:80
ഇഞ്ചി:180
കാലാവസ്ഥ , അത് അനുഗ്രഹമായി
തമിഴ്‌നാട്ടിൽ ഉൾപ്പെടെ കാലാവസ്ഥ അനുകൂലമായത് ഇത്തവണ പച്ചക്കറി വില വലിയ തോതിൽ ഉയരാതിരിക്കാൻ കാരണമായതായി വ്യാപാരികൾ പറയുന്നു. പ്രതീക്ഷിച്ചതുപോലെ എത്തിയില്ലെങ്കിലും നാടൻ ഇനങ്ങളുടെ വരവും വിലക്കുറവിന് കാരണമായി. കിഴങ്ങുവർഗ കൃഷിയിൽ നിന്ന കർഷകർ പൂർണമായി പിന്തിരിഞ്ഞതാണ് ഇത്തരം വിളകൾക്ക് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. തക്കാളി 48 രൂപയ്ക്ക് വിറ്റപ്പോൾ, മുളക്, കോളിഫ്‌ളവർ, പയർ, ഉള്ളി,ഉള്ളിപ്പൂവ് എന്നിവയ്ക്ക് 80 രൂപയായി. മാങ്ങയ്ക്ക് 120 രൂപയും ചെറുനാരങ്ങയ്ക്ക് 180 രൂപയുമായിരുന്നു ഇന്നലെ വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |