തൃശൂർ: ജില്ലയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങളും പ്രശ്‌നങ്ങളും അവതരിപ്പിക്കാനും കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന മുഖാമുഖത്തില്‍ കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജിലെ വിദ്യാര്‍ത്ഥികള്‍ സംവദിക്കാനെത്തി. ഒറ്റപ്പാലം സബ് കലക്ടറായിരുന്നപ്പോള്‍ അട്ടപ്പാടി നോഡല്‍ ഓഫീസറെന്ന നിലയില്‍ അഭിമുഖീകരിച്ച കാര്യങ്ങളും ലേബര്‍ കമ്മിഷണർ കാലയളവിലെ ജോലികളും തീര്‍ത്തും വ്യത്യസ്തമാണെന്ന് കളക്ടര്‍ വിശദീകരിച്ചു. തെരുവുനായ ശല്യം, സ്ത്രീസുരക്ഷ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളും വിദ്യാര്‍ത്ഥികള്‍ ശ്രദ്ധയില്‍പ്പെടുത്തി. സ്‌കൂളുകളില്‍ സ്പോര്‍ട്സ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി വേണമെന്ന് അഭ്യര്‍ത്ഥിച്ചു. മുഖാമുഖത്തില്‍ 26 ബിരുദ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. അസി. പ്രൊഫസര്‍മാരായ ഡോ. പി.ടി. ബഷീര്‍, വി.എം. മോന എന്നിവരോടൊപ്പമാണ് വിദ്യാര്‍ത്ഥികള്‍ കളക്ടറേറ്റില്‍ എത്തിയത്. ജില്ലയിലെ സ്‌കൂളിലെയും കോളേജുകളിലെയും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായാണ് ആഴ്ചതോറും മുഖാമുഖം സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |