ന്യൂഡൽഹി: കുടുംബാംഗത്തിന് കുറ്രകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് നിയമപ്രകാരം നിർമ്മിച്ച വീടുകൾ പോലും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്താനുള്ള നീക്കങ്ങളിൽ കടുത്തനിലപാടുമായി സുപ്രീംകോടതി. ഇത്തരം പ്രവൃത്തികൾ നിയമവാഴ്‌ചയ്‌ക്ക് എതിരാണെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സുധാൻഷു ധൂലിയ, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ടെന്നത് വീട് പൊളിച്ചുകളയാൻ പര്യാപ്‌തമായ കാരണമല്ല. നിയമസംവിധാനം പരമോന്നതമായി നിൽക്കുന്ന ഒരു രാജ്യത്ത് ഇത്തരം നടപടികൾ കണ്ടില്ലെന്ന് നടിക്കാൻ കോടതിക്കാകില്ല. നിയമങ്ങൾക്ക് മേൽ ബുൾഡോസർ ഓടിക്കാൻ അനുവദിക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഗുജറാത്ത് ഖേദ ജില്ലയിലെ ജാവേദലി മഹെബുബ്മിയ സായെദ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ക്രിമിനൽ കേസിൽ കുടുംബത്തിലെ ഒരാൾ പ്രതിയായ സാഹചര്യത്തിൽ വീട് ഇടിച്ചുനിരത്തുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതി. ഗുജറാത്ത് സർക്കാരിന് അടക്കം നോട്ടീസ് അയക്കാൻ ഉത്തരവിട്ട കോടതി, വീടിനെ സംബന്ധിച്ച് തത്സ്ഥിതി തുടരണമെന്ന് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |