കൊല്ലം: ഓണത്തിരക്കിനിടെ സുരക്ഷ ശക്തമാക്കി പൊലീസ്. പോക്കറ്റടിയും മോഷണവും അതിക്രമങ്ങളും തടയാൻ മഫ്തിയിലും പൊലീസ് നിരത്തിലുണ്ടാവും. നിലവിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ സ്പെഷ്യൽ യൂണിറ്റുകളിൽ നിന്ന് അധികമായി പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
വാഹനപരിശോധന കൂടാതെ ഹോട്ടലുകളുലെ പരിശോധനയും ശക്തമാക്കി. ക്ലബുകളിലടക്കം നടത്തുന്ന ഓണാഘോഷ പരിപാടികൾ രാത്രി 10ന് മുൻപ് നിറുത്താൻ നിർദ്ദേശം നൽകിയതായി സിറ്റി പൊലീസ് കമ്മിഷണർ ചൈത്ര തെരേസ ജോൺ പറഞ്ഞു. ജനമൈത്രി യോഗം കൂടാൻ പൊലീസ് സ്റ്റേഷനുകളിലേക്ക് നിർദ്ദേശം നൽകി. വീടുകൾ അടച്ചിട്ടിട്ട് പോവുകയാണെങ്കിൽ ആ വിവരം തൊട്ടടുത്തെ സ്റ്റേഷനിൽ അറിയിക്കണം.
കഴിഞ്ഞ 9 മുതൽ ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് നേതൃത്വത്തിൽ വ്യാപക പരിശോധന ആരംഭിച്ചു. ചിന്നക്കട, ചാമക്കട, പായിക്കട, പോളയത്തോട്, കടപ്പാക്കട, ആശ്രാമം, കോൺവെന്റ് ജംഗ്ഷൻ, മെയിൻറോഡ് തുടങ്ങി തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ജീപ്പ് പട്രോളിംഗ് കൂടാതെ ഫുട് പട്രോളിംഗ്, ബൈക്ക് പെട്രോളിംഗ് എന്നിവയും ഉണ്ട്.
വഴിതിരിച്ച് വലയ്ക്കുന്നു
ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിട്ടുള്ള ചില ഉദ്യോഗസ്ഥർ വാഹനങ്ങൾ അനാവശ്യമായി വഴിതിരിച്ച് വിട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നുവെന്ന് പരാതിയുണ്ട്. അതിനാൽ വാഹനയാത്രക്കാർക്ക് നഗരത്തിൽ കിലോമീറ്ററുകൾ വെറുതെ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണുള്ളത്. ഇത് നഗരഹൃദയത്തിൽ വാഹനക്കുരക്കും സൃഷ്ടിക്കുന്നു. ചിന്നക്കട റൗണ്ടിലെ സിഗ്നൽ സംവിധാനം പൂർണമായും പ്രയോജനപ്പെടുത്താത്തത് പലപ്പോഴും ചിന്നക്കട മുതൽ കോൺവെന്റ് ജംഗ്ഷൻ വരെ ഇരുവശങ്ങളിലും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയാണ്.
അനധികൃത പാർക്കിംഗിന് പൂട്ട്
ഓണത്തോടനുബന്ധിച്ച് കൊല്ലം നഗരത്തിൽ ഗതാഗതം കർശനമാക്കി കൊല്ലം സിറ്റി ട്രാഫിക്ക് എൻഫോഴ്സ്സ്മെന്റ് യൂണിറ്റ്. സിഗ്നൽ ലംഘനം, വൺ വേ വലംഘനം, അനധികൃത പാർക്കിംഗ് എന്നിവ നടത്തുന്നവർക്കെതിരെ പിഴ ശിക്ഷ ഉൾപ്പെടെയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കും. അനധികൃതമായി പാർക്ക് ചെയ്യുന്നവരുടെ വാഹനം ക്ലാമ്പിംഗ് ഉപകരണം ഉപയോഗിച്ച് ലോക്ക് ചെയ്യും. ഓണക്കാലത്ത് നഗരത്തിലെത്തുന്നവർ വാഹനം അലക്ഷ്യമായി പാർക്ക് ചെയ്യാതെ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സൗജന്യ പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |