ചെങ്ങന്നൂർ : സർക്കാർ ഉത്തരവില്ലാതെ അനധികൃതമായി മണ്ണിട്ടുനികത്തിയ എല്ലായിടത്തും മണ്ണ് തിരിച്ചെടുത്ത് പൂർവാധികം ശക്തമായി അവിടെ കൃഷി നടത്താനുള്ള നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ച റിവോൾവിംഗ് ഫണ്ടായ രണ്ട് കോടി രൂപ ജില്ല കളക്ടർമാർക്ക് അടുത്തുതന്നെ വിതരണം ചെയ്യും. ചെങ്ങന്നൂർ ആലാ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മണ്ണ് തിരിച്ചെടുക്കുന്നതിന് മുമ്പായി ഭൂമിയുടെ ഉടമസ്ഥന് സമൻസ് അയക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇതു പ്രകാരം മണ്ണ് മാറ്റാൻ ഉടമസ്ഥൻ തയാറായില്ലെങ്കിൽ അതിന്റെ ചെലവ് സർക്കാർ വഹിച്ച് ചെലവായ പണം ഉടമസ്ഥനിൽ നിന്ന് റെവന്യു റിക്കവറിയായി ഈടാക്കുകയും ചെയ്യും. ആറുമാസം കൊണ്ട് ചെങ്ങന്നൂർ ജില്ല ആശുപത്രി നാടിന് സമർപ്പിക്കാനാകുമെന്നും സജി ചെറിയാൻ പറഞ്ഞു. നൂറുകോടി ചെലവിൽ നിർമ്മിക്കുന്ന ആശുപത്രിയുടെ എട്ട് നിലകളുടെ വാർപ്പും പൂർത്തിയായി. മണ്ഡലത്തിലെ എല്ലാ സർക്കാർ ഓഫീസുകളും സ്വന്തം കെട്ടിടത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂരിൽ തിയറ്റർ കോംപ്ലക്‌സുിനുള്ള ഫയൽ സർക്കാരിലേക്ക് കൈമാറി. കൈയേറിയ നദികളെല്ലാം നവീകരിച്ചുവരുകയാണ്. വെൺമണി കുതിരവട്ടംചിറ ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്താനുള്ള പദ്ധതിയും ആരംഭിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ ജില്ലാകളക്ടർ അലക്‌സ് വർഗീസ്, കെ.എം. സലീം,കെ.ആർ മുരളീധരൻ പിള്ള, ഹേമതല മോഹൻ, അലീന വേണു, ഷേർളി സാജൻ, രാധാമണി, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |