ന്യൂഡൽഹി: ജി.എസ്.ടി ഈടാക്കുന്നതിലെ സങ്കീർണതകൾ പൊതുവേദിയിൽ ചൂണ്ടിക്കാട്ടിയ തമിഴ്നാട്ടിലെ പ്രശസ്ത റസ്റ്റോറന്റ് ശൃംഖല ഉടമ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനോട് മാപ്പുപറഞ്ഞ സംഭവം വിവാദമാക്കി പ്രതിപക്ഷം. രാജ്യത്ത് ശതകോടീശ്വരന്മാർക്കായി നിയമം മാറ്റിയെഴുതുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുകിട വ്യവസായികളെ ദ്രോഹിക്കുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
ഒരു ചെറുകിട ബിസിനസുകാരൻ ജി.എസ്.ടി ലളിതമാക്കാൻ പൊതുപ്രവർത്തകരോട് അഭ്യർത്ഥിച്ചത് അഹങ്കാരവും അനാദരവുമായി കാണുന്ന പ്രധാനമന്ത്രി ശതകോടീശ്വരനായ സുഹൃത്ത് നിയമങ്ങൾ വളച്ചൊടിക്കാനോ, ദേശീയ സ്വത്ത് സ്വന്തമാക്കാനോ ശ്രമിക്കുമ്പോൾ ചുവന്ന പരവതാനി വിരിക്കുന്നു. നോട്ട് നിരോധനം, അപ്രാപ്യമായ ബാങ്കിംഗ് സംവിധാനം, നികുതി കൊള്ള, ജി.എസ്.ടി എന്നിവയുടെ പ്രഹരങ്ങൾ സഹിച്ച ചെറുകിട ബിസിനസുകാരെ ദ്രോഹിക്കുന്നു. ജി.എസ്.ടി ഒറ്റ നികുതി നിരക്കിലാക്കിയാൽ ലക്ഷക്കണക്കിന് ബിസിനസുകാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.
തമിഴ്‌നാട് ഹോട്ടൽസ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഒരു പരിപാടിയിൽ സംസാരിക്കവെ അന്നപൂർണ റസ്റ്റോറന്റ് ഉടമ ശ്രീനിവാസൻ, വിവിധ ഭക്ഷ്യവസ്തുക്കൾക്ക് പൊരുത്തമില്ലാത്ത ജി.എസ്.ടി ചുമത്തുന്നതിനെ തമാശരൂപേണ വിമർശിച്ചിരുന്നു. ബണ്ണിന് ജി.എസ്.ടി ഇല്ല, ക്രീം ബൺ ആകുമ്പോൾ 18ശതമാനം നികുതി നൽകണം. അതിനാൽ ആളുകൾ ബണ്ണും ക്രീമും പ്രത്യേകം ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം, ബി.ജെ.പി എം.എൽ.എ വാനതി ശ്രീനിവാസനൊപ്പം ധനമന്ത്രി നിർമ്മലാ സീതാരാമനുമായി ശ്രീനിവാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് ധനമന്ത്രിയോട് മാപ്പു പറയുന്ന വീഡിയോ തമിഴ്‌നാട് ബി.ജെ.പി ഘടകം പുറത്തുവിട്ടത്.
ശ്രീനിവാസനെ മാപ്പ് പറയാൻ ബി.ജെ.പി നിർബന്ധിച്ചെന്നും അദ്ദേഹത്തിന്റെ സമ്മതമില്ലാതെ റെക്കാഡ് ചെയ്ത് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് ആരോപിച്ചു. ശ്രീനിവാസനും ധനമന്ത്രിയും തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിന്റെ വീഡിയോ അനുമതിയില്ലാതെ പുറത്തുവിട്ട പാർട്ടി ഭാരവാഹികളുടെ നടപടിയിൽ തമിഴ്‌നാട് ബി.ജെ.പി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ ക്ഷമാപണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |