വാഷിംഗ്ടൺ : നവംബർ 5ന് യു.എസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എതിരാളി കമലാ ഹാരിസുമായി വീണ്ടുമൊരു സംവാദത്തിന് ഒരുക്കമല്ലെന്ന് ഡൊണാൾഡ് ട്രംപ്. ഇരുവരും തമ്മിലെ ആദ്യ സംവാദം ബുധനാഴ്ച എ.ബി.സി ന്യൂസ് സംഘടിപ്പിച്ചിരുന്നു. 'സംവാദത്തിൽ താൻ ജയിച്ചു. അതുകൊണ്ടാണ് ഇനിയും സംവാദം വേണമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല പറയുന്നത്. പോരാട്ടത്തിൽ തോൽക്കുന്നവരാണ് 'റീമാച്ച്" ആവശ്യപ്പെടുന്നത്. സംവാദത്തിന്റെ പിറകേ പോകാതെ വൈസ് പ്രസിഡന്റിന്റെ ചുമതലകളിൽ കമല ശ്രദ്ധിക്കണം."- ട്രംപ് പറഞ്ഞു.സംവാദത്തിന് പിന്നാലെ പുറത്തുവന്ന മിക്ക സർവേകളിലും കമല റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിനേക്കാൾ മികച്ച പ്രകടനം നടത്തിയെന്ന് സൂചിപ്പിക്കുന്നു. ട്രംപിന്റെ രണ്ടാമത്തെ സംവാദമായിരുന്നു ഇത്. ജൂണിലെ ആദ്യ സംവാദത്തിൽ ട്രംപിന് മുന്നിൽ പരാജയപ്പെട്ടതോടെയാണ് പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതും പകരം കമല എത്തിയതും. അതേസമയം, റിപ്പബ്ലിക്കൻ നോമിനി ജെ.ഡി വാൻസും ഡെമോക്രാറ്റിക് നോമിനി ടിം വാൽസും ഏറ്റുമുട്ടുന്ന ആദ്യ വൈസ് പ്രസിഡൻഷ്യൽ സംവാദം ഒക്ടോബർ 1ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |