വാറ്റാപ്പിയും അങ്കിളും എക്സൈസ് വലയിൽ
കൊച്ചി: കുലുക്കി സർബത്ത് നിർമ്മാണത്തിന്റെ മറവിൽ കാക്കനാട് കേന്ദ്രമാക്കി ചാരായം വില്പന നടത്തി വന്ന രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി. തേവക്കൽ താമസിക്കുന്ന പൂക്കാട്ടുപ്പടി സ്വദേശിയായ മണലിക്കാട്ടിൽ വീട്ടിൽ സന്തോഷ് (അങ്കിൾ -54) കാക്കനാട് കൊല്ലംകുടി മുകൾ മണ്ണാരം കുന്നത്ത് വീട്ടിൽ കിരൺ കുമാർ (വാറ്റാപ്പി -35) എന്നിവരാണ് പിടിയിലായത്.
വാറ്റ് സ്‌പെഷ്യലിസ്റ്റെന്ന് അറിയപ്പെടുന്ന മട്ടാഞ്ചേരി പുല്ലുപാലം കുന്നത്തുപാറ വീട്ടിൽ ലൈബിനാണ് ചാരായം വാറ്റി നൽകിയിരുന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി. ലൈബിനെ പ്രതി ചേർത്തിട്ടുണ്ട്.
ഇവരുടെ വാഹനങ്ങളിൽ നിന്നും വാടക വീട്ടിൽ നിന്നുമായി 20 ലിറ്റർ ചാരായവും ചാരായം നിർമ്മിക്കാൻ പാകമാക്കി വച്ചിരുന്ന 950 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ, 700 കാലി പ്ലാസ്റ്റിറ്റ് കുപ്പികൾ, ചാരായം നിറച്ച കുപ്പികൾ സീൽ ചെയ്യുന്നതിനുള്ള ഉപകരണം എന്നിവയും കണ്ടെടുത്തു. ചാരായ വില്പന നടത്താൻ ഉപയോഗിച്ചിരുന്ന ഒരു ഓട്ടോറിക്ഷ, ഒരു നാനോ കാർ , രണ്ട് സ്മാർട്ട് ഫോൺ എന്നിവയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തേവയ്ക്കലിൽ രണ്ടുനില വീട് വാടക്കയ്‌ക്കെടുത്ത് നാടൻ കൂലിക്കി സർബത്ത് ഉണ്ടാക്കുന്നുവെന്ന വ്യാജേനയാണ് വ്യവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റിയിരുന്നത്. ചാരായത്തിന്റെ മണം പരക്കാതിരിക്കാൻ സുഗന്ധ വ്യജ്ഞന വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നതായിരുന്നു രീതി.
തൃക്കാക്കര ഭാരത് മാതാ കോളേജിന് എതിർവശം ആവശ്യക്കാരെ കാത്ത് കിടക്കുകയായിരുന്നതിനിടെയാണ് കിരണിനെ പിടികൂടിയത്. ഓട്ടോ ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം പിടികൂടി. പിന്നാലെ സന്തോഷിനെയും അറസ്റ്റ് ചെയ്തു. മൂന്ന് വിദേശ ഇനം നായകളെ അഴിച്ച് വിട്ടിരുന്നതിനാൽ വീട്ടിലെ പരിശോധന പൂർത്തിയേക്കാൻ പണിപ്പെട്ടു. എറണാകുളം റേഞ്ച് ഇൻസ്‌പെക്ടർ വി.സജി, ഇൻസ്‌പെക്ടർ അജയകുമാർ ടി. എൻ, സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ. ആർ. സുനിൽ, വനിത സി.ഇ.ഒ റസീന, സിവിൽ എക്‌സൈസ് ഓഫീസർമാരായ സാജൻ, ഉനൈസ്, കാർത്തിക് എന്നിവർ ഉൾപ്പെട്ട സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ റിമാൻഡ് ചെയ്തു.
അനധികൃത മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ തുടരും
ടി. എൻ. സുധീർ
അസി. കമ്മിഷണർ
എൻഫോഴ്‌സ്‌മെന്റ്
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |