ചെന്നൈ: അമേരിക്കയിലെ രണ്ടാഴ്ചത്തെ സന്ദർശനത്തിനുശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മടങ്ങിയെത്തി. വിമാനത്താവളത്തിൽ സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും ഡി.എം.കെ നേതാക്കളും സ്വീകരിച്ചു.സംസ്ഥാനത്ത് നിക്ഷേപം ആകർഷിക്കുന്നതിനുവേണ്ടിയുള്ള സന്ദർശനം വൻ വിജയമായിരുന്നുവെന്ന് സ്റ്റാലിൻ പ്രതികരിച്ചു. 'ഫോർച്യൂൺ 500 ഉൾപ്പെടെ പ്രമുഖ ആഗോള കമ്പനികളിൽ നിന്ന് നിക്ഷേപം ലഭിക്കും. 7,618 കോടി രൂപയുടെ പദ്ധതിക്കായി 19 ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. സാൻഫ്രാൻസിസ്‌കോയിൽ നിന്നുള്ള എട്ട് കമ്പനികളും ചിക്കാഗോയിൽ നിന്നുള്ള 11 കമ്പനികളും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഇതിലൂടെ മധുര, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, കൃഷ്ണഗിരി, ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം എന്നിവിടങ്ങളിലായി 11,516 തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എടപ്പാടി കെ. പളനിസ്വാമിയുടെ ഭരണകാലത്ത് അദ്ദേഹം സംസ്ഥാനത്ത് കൊണ്ടുവന്ന നിക്ഷേപങ്ങളെക്കുറിച്ച് വിശദീകരിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.
'മുഖ്യമന്ത്രിയായിരുന്ന കാലത്ത് പളനിസ്വാമിക്ക് ലഭിച്ച വിദേശനിക്ഷേപത്തിന്റെ പത്ത് ശതമാനം പോലും പദ്ധതികളാക്കി മാറ്റിയില്ല. എന്റെ പക്കൽ തെളിവുണ്ട്. ഞാൻ വെളിപ്പെടുത്തിയാൽ അത് അദ്ദേഹത്തിന് നാണക്കേടാകും.' സ്റ്റാലിൻ പറഞ്ഞു
ചരക്ക് സേവന നികുതി (ജി.എസ്.ടി) സംബന്ധിച്ച പ്രശ്നങ്ങൾ ഉന്നയിച്ചതിന് ശ്രീ അന്നപൂർണ ഹോട്ടൽ ശൃംഖല ഉടമ ശ്രീനിവാസൻ കോയമ്പത്തൂരിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് മാപ്പ് പറയുന്നതിന്റെ വിവാദ വീഡിയോയെ സ്റ്റാലിൻ വിമർശിച്ചു.
ജി.എസ്.ടിയിലെ അസമത്വത്തെക്കുറിച്ച് ശ്രീനിവാസൻ ന്യായമായ പ്രശ്നമാണ് ഉന്നയിച്ചത്. ധനമന്ത്രി അത് കൈകാര്യം ചെയ്ത രീതി ലജ്ജാകരമാണ്- സ്റ്റാലിൻ പറഞ്ഞു.
പുതിയ വിദ്യാഭ്യാസ നയവും ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതിക്കുള്ള വിഹിതവും സംബന്ധിച്ച കാര്യങ്ങൾക്കായി ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. മന്ത്രിസഭാ വികസനം വരുമോ എന്ന ചോദിച്ചപ്പോൾ ഒരു മാറ്റമുണ്ടാകും എന്നായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |