മലപ്പുറം: സംസ്ഥാനത്ത് ആറ് വർഷത്തിനിടെ നിപയിൽ പൊലിഞ്ഞത് 22 ജീവനുകൾ. 2018ൽ കോഴിക്കോടാണ് ആദ്യമായി നിപ റിപ്പോർട്ട് ചെയ്തത്. മേയിലുണ്ടായ നിപ തരംഗത്തിൽ 23 പേർക്ക് രോഗബാധയുണ്ടായി. പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനി ഉൾപ്പെടെ 17 പേർ മരിച്ചു. പിന്നീട് 2021ൽ ഒരാളും 2023ലും 2024ലും രണ്ടു പേർ വീതവും മരിച്ചു. സെപ്തംബർ ഒമ്പതിന് തിരുവാലി നടുവത്ത് സ്വദേശിയായ 24കാരനാണ് ഒടുവിലെ ഇര. ജൂലായ് 20ന് പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ 14കാരൻ മരിച്ചിരുന്നു.
2019ൽ എറണാകുളത്താണ് നിപയുടെ രണ്ടാം വരവ്. 23കാരനായ വിദ്യാർത്ഥിക്ക് നിപ ബാധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി. രോഗബാധ ഒരാളിലൊതുങ്ങി. 2021 സെപ്തംബറിൽ കോഴിക്കോട് ചാത്തമംഗലം മൂന്നൂരിൽ നിപയുടെ മൂന്നാം വരവ് പന്ത്രണ്ടുകാരന്റെ ജീവൻ കവർന്നു. 2023ൽ കോഴിക്കോട് രണ്ടു പേർ നിപ ബാധിച്ച് മരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മലപ്പുറം ജില്ലയിലെ തൊട്ടടുത്ത പ്രദേശങ്ങളിലുണ്ടായ രണ്ട് നിപ മരണങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നു. നിപ മരണമുണ്ടായ നടുവത്ത് നിന്ന് 15 കിലോമീറ്റർ ചുറ്റളവിലാണ് പാണ്ടിക്കാട് ചെമ്പ്രശ്ശേരി. ഇവിടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിന്നെടുത്ത പഴംതീനി വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസിന്റെ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മരണപ്പെട്ട 14കാരൻ കൂട്ടുകാർക്കൊപ്പം അമ്പഴങ്ങ കഴിച്ച പ്രദേശത്ത് വവ്വാലുകളെ കണ്ടെത്തി. കൂട്ടുകാർക്കൊന്നും നിപ ബാധിച്ചിരുന്നില്ല.
നടുവത്ത് നിപ സ്ഥിരീകരിച്ച യുവാവിന്റെ വീടിന് സമീപം വവ്വാലുകളുടെ ആവാസകേന്ദ്രമില്ല. അതേസമയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. യുവാവ് വീടിന്റെ സമീപത്തുള്ള മരത്തിൽ നിന്ന് ഇരുമ്പൻപുളി പറിച്ച് കഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. . ഐ.സി.എം.ആറിന്റെ വിവിധ പഠനങ്ങളിൽ പഴംതീനി വവ്വാലുകളാണ് രോഗത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് കണ്ടെത്തിയത്.
രാജ്യത്ത് 2001ൽ ബംഗാളിലെ സിലിഗുരിയിലാണ് ആദ്യ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. 66 പേരിൽ 45 പേർ മരണപ്പെട്ടു. 1998ൽ മലേഷ്യയിലെ കാംപുംഗ് സുംഗായ് നിപയിലാണ് ആദ്യമായി നിപ സ്ഥിരീകരിച്ചത്. നിപയെന്ന പേര് വന്നതും അങ്ങനെ ..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |