വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിത നിവാരണ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കേണ്ടിവരുന്ന തുക സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിനും ഹൈക്കോടതിക്കും സമർപ്പിച്ച കണക്കുകൾ പുതിയൊരു രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മെമ്മോറാണ്ടത്തിലെ കണക്കുകൾ പലതും അമ്പരപ്പിക്കുന്നതും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നുമാണ് പ്രധാന ആക്ഷേപം. ദുരന്ത നിവാരണ ചട്ടങ്ങളും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയുള്ള അനുമാനക്കണക്കു മാത്രമാണ് ഇതെന്നും, യഥാർത്ഥ ചെലവായി കാണേണ്ടതില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ പുറത്തുവന്നിരിക്കുന്ന കണക്കുകളിൽ പലതും കേവലം അനുമാനക്കണക്കായി കരുതാനാവില്ല. യഥാർത്ഥത്തിൽ ഇതിനകം ചെലവഴിക്കപ്പെട്ട കണക്കുകളും ഇതിലുൾപ്പെടുന്നുണ്ട്.
ദുരന്തമുണ്ടായതിന്റെ തൊട്ടടുത്ത ദിവസം മുതൽ മുപ്പതു ദിവസം ചെലവഴിക്കേണ്ടിവന്ന പണത്തിന്റെ കണക്കുകളും ഉൾപ്പെടുന്നതുകൊണ്ടാണ്, കണക്കിലെ പൊരുത്തക്കേടുകൾ സമൂഹമദ്ധ്യത്തിൽ വലിയ ചർച്ചയാകുന്നത്. പ്രതീക്ഷിച്ച ചെലവിന്റെ കണക്കു മാത്രമാണ് ഇതെന്നു സർക്കാർ പറയുമ്പോഴും ശവസംസ്കാര കർമ്മങ്ങൾക്കും ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ഭക്ഷണം നൽകാനും സേനാംഗങ്ങളുടെ നിത്യച്ചെലവിനും വോളണ്ടിയർമാരുടെ ഭക്ഷണത്തിനും ദുരന്തത്തിന് ഇരയായവർക്കുള്ള വസ്‌ത്രവിതരണത്തിനും മറ്റും ചെലവഴിച്ചതെന്ന മട്ടിൽ എഴുതിപ്പിടിപ്പിച്ച വലിയ സംഖ്യകൾ പെട്ടെന്ന് ഉൾക്കൊള്ളാനാവുന്നില്ല. ഇതൊന്നും അനുമാനക്കണക്കല്ലെന്ന് സർക്കാരിനും അറിയാം. ആദ്യഘട്ടം ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞ സ്ഥിതിക്ക് ഇനിയുള്ളത് വലിയ തുക വേണ്ടിവരുന്ന പുനരധിവാസ - പുനർ നിർമ്മാണ പ്രവർത്തനങ്ങളാണ്. അതുമായി ബന്ധപ്പെട്ട അനുമാനക്കണക്ക് അല്പം കൂട്ടിയെഴുതിയാലും പൊറുക്കാവുന്നതേയുള്ളൂ. കാരണം എസ്റ്റിമേറ്റിനേക്കാൾ കൂടുതൽ തുക വേണ്ടിവരുന്നതാണ് ഇത്തരം പ്രവൃത്തികൾ.
ഇതിനകം ചെലവഴിച്ചുകഴിഞ്ഞ തുകയുടെ കൃത്യമായ കണക്ക് പ്രത്യേകമായി പുറത്തുവിട്ടിരുന്നുവെങ്കിൽ ഇപ്പോഴത്തെ വിവാദങ്ങൾ ഒഴിവാക്കാനാകുമായിരുന്നു. പൂർത്തീകരിക്കപ്പെട്ട പ്രവൃത്തികളുടെ കാര്യത്തിൽ അനുമാനക്കണക്കിന്റെ ആവശ്യമില്ലല്ലോ. രക്ഷാപ്രവർത്തനങ്ങൾക്കും അനുബന്ധ കാര്യങ്ങൾക്കുമായി ചെലവഴിച്ച പണത്തിന്റെ കൃത്യമായ വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ പക്കലുള്ളപ്പോൾ അനുമാനക്കണക്കിന് സാംഗത്യമില്ല. 350 മൃതദേഹങ്ങൾ സംസ്കരിക്കാൻ 2.77 കോടി രൂപയുടെ ചെലവ് എഴുതിയപ്പോൾ ഒരു ജഡത്തിന് ശരാശരി 75,000 രൂപയായതായാണ് കരുതേണ്ടത്. ഇതുപോലെയാണ് പല കണക്കുകളും. ഉരുൾപൊട്ടൽ ദുരന്തം അറിഞ്ഞ നിമിഷം മുതൽ പണമായും സാധനങ്ങളായും വയനാട്ടിലേക്ക് സഹായം ഒഴുകുകയായിരുന്നു. മരണമടഞ്ഞവരുടെ സംസ്കാരമുൾപ്പെടെ പല കാര്യങ്ങളും സന്നദ്ധപ്രവർത്തകർ ഒരു പൈസ പോലും പ്രതിഫലം പറ്റാതെയാണ് ചെയ്തത്. യാഥാർത്ഥ്യം ഇതായിരിക്കെ, പലതിനും അവിശ്വസനീയ നിരക്കുകൾ എഴുതിവച്ച് മെമ്മോറാണ്ടം തയ്യാറാക്കിയവർ ഭാവിയിൽ അതു ചർച്ചയാക്കപ്പെടുമെന്ന് കരുതിക്കാണില്ല.
സർക്കാരിന്റെ സ്ഥിരം വിമർശകർ കാര്യങ്ങൾ ശരിയായി മനസിലാക്കാതെ പുകമറ സൃഷ്ടിച്ച് സംസ്ഥാനത്തിന് അർഹമായ ദുരിതാശ്വാസ സഹായം അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതായി കണ്ടു. മാദ്ധ്യമങ്ങളെയും അദ്ദേഹം ഈ വിഷയത്തിൽ പ്രതിക്കൂട്ടിൽ നിറുത്തുകയാണ്. സർക്കാരിന്റെ കണക്കപ്പിള്ളമാർ കൊട്ടത്താപ്പു കണക്കുമായി മെമ്മോറാണ്ടം തയ്യാറാക്കിയതിൽ വന്ന കൈപ്പിഴയ്ക്ക് ആരെയും പഴിച്ചിട്ടു കാര്യമില്ല. ചെലവുകളുടെ യഥാർത്ഥ കണക്കുകൾ ജനങ്ങൾക്കു കൂടി ബോദ്ധ്യമാകും വിധം പുനഃക്രമീകരിച്ച് പ്രസിദ്ധീകരിച്ച് വിമർശനങ്ങൾക്കു തടയിടുക മാത്രമാണു പോംവഴി. ഏതു മാനദണ്ഡ പ്രകാരമായാലും ഇപ്പോൾ പുറത്തുവന്നിട്ടുള്ള പല കണക്കുകളും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനുമായി കേന്ദ്രം ഇതുവരെ സഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല. എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി വന്നു പോയിട്ട് മാസം ഒന്നുകഴിഞ്ഞു. ഇപ്പോൾ ഉയർന്നുവരുന്ന കണക്കു വിവാദങ്ങൾ കേന്ദ്ര സഹായ പ്രഖ്യാപനത്തിന് ഒരു വിധത്തിലും തടസമാകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |