പ്രാഗ്: മദ്ധ്യയൂറോപ്പിൽ ഒരാഴ്ചയായി തുടരുന്ന കനത്തമഴയിൽ മരിച്ചവർ 19 ആയി. ഓസ്ട്രിയ,പോളണ്ട്,ചെക്ക് റിപ്പബ്ലിക്,ഹംഗറി,സ‍്‍ലൊവാക്യ,റുമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ബോറിസ് കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ പേമാരി കനത്ത നാശം വിതച്ചത്. രണ്ട് പതിറ്റാണ്ടിനിടെ യൂറോപ്പിലുണ്ടാകുന്ന ഏറ്റവും വലിയ പ്രളയമാണിത്. ചെക്ക് റിപ്പബ്ലിക്കിന്റെയും പോളണ്ടിന്റെയും അതിർത്തിയിലെ നദികളിൽ ജലനിരപ്പ് അപകടരേഖ കടന്നു. പലയിടത്തും പാലങ്ങളും വീടുകളും ഒഴുകിപ്പോയി. പോളണ്ടിൽ 5 പേർ മരിച്ചു. 4 പ്രവിശ്യകളിലെ 420 സ്കൂളുകൾ അടച്ചിട്ടു. പകുതിയോളം നഗരങ്ങളിലും വൈദ്യുതി മുടങ്ങി. ശുദ്ധജലക്ഷാമം രൂക്ഷമാണ്. ന്യാസ നഗരത്തിൽ ഒരു ആശുപത്രി ഒഴിപ്പിച്ചു. 1,30,000 പേർ താമസിക്കുന്ന ഓപോളിലും 6,40,000 പേർ പാർക്കുന്ന റൊക്‌ലോ നഗരത്തിലും പ്രളയഭീഷണിയുണ്ട്. പ്രതിസന്ധി ചർച്ചചെയ്യാൻ സർക്കാർ അടിയന്തര യോഗം ചേർന്നു.
ചെക്ക് റിപ്പബ്ലിക്കിൽ മൂന്ന് പേർ മരിച്ചതായും നിരവധി പേരെ കാണാതായതായും അധികൃതർ അറിയിച്ചു. അവിടെ 12,000 പേരെ ഒഴിപ്പിച്ചു. ചെക്ക് നഗരമായ ജെസെനിക്കും ലിറ്റോവലും ഏറെക്കുറെ മുങ്ങി. മൊറാവ നദി നിറഞ്ഞൊഴുകിയതിനെത്തുടർന്ന് 70 ശതമാനം പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
ഒസ്ട്രാവ നഗരത്തിൽ ഊർജ്ജ നിലയങ്ങളും കെമിക്കൽ പ്ലാന്റുകളും അടച്ചിട്ടു. റുമാനിയയിൽ 7 പേർ മരിച്ചു. ഓസ്ട്രിയയിൽ അഗ്നിശമന സേനാംഗം ഉൾപ്പെടെ മൂ പേർ കൊല്ലപ്പെട്ടു. ഹംഗറിയിൽ ഡാന്യൂബ് നദിയും കരകവിഞ്ഞൊഴുകുകയാണ്. ഈ സാഹചര്യത്തിൽ നദിക്കരയിലുള്ള ട്രാം ലൈനുകളും റോഡുകളും അതുപോലെ ജനപ്രിയ മാർഗരറ്റ് ദ്വീപും പൊതുജനങ്ങൾക്കായി അടച്ചിട്ടു. 12,000 സൈനികരെ അടിയന്തര സഹായത്തിനായി ബുഡാപെസ്റ്റിൽ സജ്ജരാക്കിയിട്ടുണ്ട്. ന സ്‌ലൊവാക്യയുടെ തലസ്ഥാനനഗരമായ ബ്രാറ്റിസ്ലാവയും പ്രളയഭീഷണിയിലാണ്. ബ്രാറ്റിസ്ലാവയുടെ പഴയ പട്ടണത്തിന്റെ ചില ഭാഗങ്ങളിൽ തെരുവുകൾ ഇതിനകം വെള്ളത്തിനടിയിലായി. ഓസ്ട്രിയയിൽ മഴ തെല്ലു ശമിച്ചെങ്കിലും വീണ്ടും കനത്തേക്കുമെന്ന സൂചനയിൽ മുൻകരുതൽ നടപടികൾ തുടങ്ങി. ബുഡാപെസ്റ്റിന് വടക്കുള്ള വിസെഗ്രാഡ്, സെൻടെൻഡ്രെ എന്നീ ചരിത്ര നഗരങ്ങളിൽ അടിയന്തര മൊബൈൽ അണക്കെട്ടുകൾ സ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |